കൊല്‍ക്കത്ത: ഇന്ത്യന്‍ നായകനെന്ന നിലയില്‍ മികവുറ്റ പ്രകടനം പുറത്തെടുക്കുമ്പോഴും കോലിയുടെ നായക മികവിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കൂടി ടീമിനെ നയിച്ചശേഷമെ കോലിയുടെ ക്യാപ്റ്റന്‍സി മികവ് വിലയിരുത്തനാവൂ എന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിലും ദക്ഷഇണാഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഇപ്പോഴത്തെ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞാലെ കോലി മികച്ച ക്യാപ്റ്റനാണോ എന്ന് പറയാനാവൂ എന്നും ഗാംഗുലി വ്യക്തമാക്കി.

ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 304 റണ്‍സ് വിജയം നേടിയതിനുശേഷമായിരുന്നു ഗാംഗുലിയുടെ പ്രതികരണം. നിലവിലെ ലങ്കന്‍ ടീം മികച്ച കെട്ടുറപ്പുള്ള ഇന്ത്യന്‍ ടീമിന് ഭീഷണിയേ അല്ലെന്നും ഗാംഗുലി പറഞ്ഞ‌ു. കഴിഞ്ഞ രണ്ടുവര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. അനില്‍ കംബ്ലെയ്ക്കു കീഴില്‍ വെസ്റ്റ് ഇന്‍ഡീസില്‍ പരമ്പര നേടിയ ടീം ഇന്ത്യയിലെ എല്ലാ പരമ്പരയും സ്വന്തമാക്കി.

പരിചിത സാഹചര്യങ്ങളില്‍ ഇന്ത്യയെ കീഴടക്കുക ഇപ്പോഴത്തെ ഫോം വെച്ചുനോക്കിയാല്‍ അസാധ്യമാണ്. എന്നാല്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലേക്ക് നടത്തുന്ന പര്യടനങ്ങളില്‍ മാത്രമെ കോലിയുടെ ക്യാപ്റ്റന്‍സി മികവ് എത്രമാത്രമുണ്ടെന്ന് തിരിച്ചറിയാനാവൂ. ഈ രാജ്യങ്ങളിലൊന്നും ഇന്ത്യയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. ശ്രീലങ്കയ്ക്കെതിരായ പ്രകടനം വെച്ച് ഇന്ത്യയുടെയും കോലിയുടെയും മികവിനെ വിലയിരുത്താനാവില്ലെന്നും ഗാംഗുലി വ്യക്തമാക്കി.