കോലി മനുഷ്യനാണ്, യന്ത്രമല്ല, റോക്കറ്റ് ഇന്ധനമല്ല ഊര്‍ജം: രവി ശാസ്ത്രി

കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നടക്കുന്ന കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ കഴിയാത്ത വിരാട് കോലിക്ക് പിന്തുണയുമായി കോച്ച് രവി ശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന അമിതഭാരം കുറയ്ക്കണമെന്ന് രവി ശാസ്ത്രി ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു.

കോലി എല്ലാവരെയും പോലെ ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു മെഷീനല്ല, അദ്ദേഹം ജീവിക്കുന്നത് റോക്കറ്റ് ഇന്ധനം കൊണ്ടല്ല എന്നും രവി ശാസ്ത്രി പറഞ്ഞു. വിശ്രമമില്ലാതെ കളികള്‍ ചാര്‍ട്ട് ചെയ്യുന്നതിനെതിരെ നേരത്തെയും രംഗത്തെത്തിയ രവി ശാസ്ത്രി ബിസിസിഐക്കെതിരായ ഒളിയമ്പെയ്തു. 

കോലി കളിക്കാത്തതില്‍ വിഷമം രേഖപ്പെടുത്തി സറെ ക്രിക്കറ്റ് ക്ലബ് രംഗത്തെത്തിയതോടെയാണ് രവി ശാസ്ത്രിയുടെ പ്രതികരണം. സെറെ ക്രിക്കറ്റ് ക്ലബ് ഇതിനോടകം കോലി കളിക്കില്ലെന്ന് വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കി. വിഷമമുണ്ടെങ്കിലും പരിക്ക് മൂലമുള്ള ബിസിസിഐയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും സെറെ വ്യക്തമാക്കി. 

ഐപിഎല്ലിന് ശേഷം അഫ്ഗാനെതിരായ പരമ്പര കളിക്കാതെ നേരെ സെറെയില്‍ ചേരാനായിരുന്നു കോലി തീരുമാനിച്ചിരുന്നത്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പരമ്പരിയില്‍ ഇത് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. ബിസിസിഐയുടെ മേല്‍നോട്ടത്തില്‍ കോലിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരും. ജൂണ്‍ 15ന് ആരംഭിക്കുന്ന ഫിറ്റ്നസ് ടെസ്റ്റില്‍ കോലി പങ്കെടുക്കുമെന്നാണ് വിവരം.