ക്രിക്കറ്റിലെ കോച്ചുമാരുടെയും ക്യാപ്റ്റന്‍മാരുടെയും പ്രതിഫലത്തിന്റെ കാര്യത്തിലുള്ള പട്ടിക പുറത്തുവന്നപ്പോള്‍, ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കോച്ച് രവി ശാസ്‌ത്രി. ഇന്ത്യന്‍ പരിശീലകനായ രവി ശാസ്‌ത്രിക്ക് 1.17 ഡോളര്‍ മില്യനാണ് പ്രതിഫലമെന്ന് ഇഎസ്‌പിഎന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ശാസ്‌ത്രിയേക്കാള്‍ പിന്നിലാണ്. ഏകദേശം ഒരു മില്യണ്‍ ഡോളറാണ് കോലിയുടെ പ്രതിഫലം. പരിശീലകരുടെ പ്രതിഫല പട്ടികയില്‍ ഓസ്‌ട്രേലിയ കോച്ച് ഡാരന്‍ ലേമാനെ പിന്നിലാക്കിയാണ്(.55 മില്യണ്‍) രവി ശാസ്‌ത്രി ഒന്നാമതെത്തിയത്. ഇനി ക്യാപ്റ്റന്‍മാരുടെ പട്ടിക നോക്കിയാല്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്താണ് ഒന്നാം സ്ഥാനത്ത്. സ്‌മിത്തിന് പ്രതിഫലമായ ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കുന്നത് 1.47 മില്യനാണ്. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന് ലഭിക്കുന്നത് 1.38 മില്യനാണ്. ഏറ്റവും കുറവ് പ്രതിഫലം വാങ്ങുന്ന നായകന്‍, സിംബാബ്‌വെയുടെ ഗ്രെയിം ക്രീമര്‍ ആണ്. വെറും .09 മില്യണ്‍ ഡോളറാണ് ക്രീമറുടെ പ്രതിഫലം. ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്റെ പ്രതിഫലം 0.14 മില്യണ്‍ ഡോളറാണ്. ഏറ്റവും കുറച്ച് പ്രതിഫലം ലഭിക്കുന്ന പരിശീലകന്‍ ശ്രീലങ്കയുടെ നിക് പോതാസ് ആണ്. 0.14 മില്യനാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം. ക്രിക്കറ്റിനെ അപേക്ഷിച്ച് മറ്റ് കായികയിനങ്ങളിലുള്ള താരങ്ങള്‍ക്ക് മികച്ച പ്രതിഫലമാണുള്ളത്. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ഒരു വര്‍ഷം ലഭിക്കുന്നത് 58 മില്യണ്‍ ഡോളറാണ്. ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ് 38 മില്യണ്‍ ‍ഡോളറും ബാസ്ക്കറ്റ്‌ബോള്‍ താരം ലിബ്രോണ്‍ ജെയിംസിന് 31.2 മില്യണ്‍ ഡോളറാണ് പ്രതിഫലമായി ലഭിക്കുന്നത്. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് 6 മില്യണ്‍ ഡോളറാണ് പ്രതിഫലം.