മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും ഫിറ്റായ കളിക്കാരില്‍ ഒരാളാണ് വിരാട് കോലി. കോലിയുടെ ശാരീരികക്ഷമതയെക്കുറിച്ച് ആരാധകര്‍ക്കെല്ലാം അറിയുകയും ചെയ്യാം. എന്നാല്‍ ഇതൊക്കെ കേട്ട് വിരാട് കോലിയാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും ശാരീരികക്ഷമതയുള്ള കളിക്കാരനെന്ന് ധരിച്ചുവെങ്കില്‍ തെറ്റി. അത് കോലിയല്ലെന്ന് തുറന്നു പറയുകയാണ് ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മലയാളി താരം കരുണ്‍ നായര്‍.

താനാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫിറ്റായ കളിക്കാരനെന്ന് കരുണ്‍ നായര്‍ ക്രിക്ബസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീം ഫിറ്റ്നെസ് ട്രെയിനറായ  ശങ്കര്‍ ബസുവിനും അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാറിനും ഒപ്പം ഒരുപാട് സമയം ചെലവിടാറുണ്ടെന്നും അവരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും കരുണ്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്ക് അഭിമാനുമുണ്ടെന്നും ശാരീരികക്ഷമത കൂട്ടാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും കരുണ്‍ നായര്‍ പറഞ്ഞു.

ഇംഗ്ലണ്ട് പരമ്പരയില്‍ ടീമിലുണ്ടായിരുന്ന കരുണ്‍ നായര്‍ക്ക് അഞ്ച് ടെസ്റ്റില്‍ ഒന്നില്‍പോലും അവസരം ലഭിച്ചിരുന്നില്ല. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ചിട്ടുള്ള കരുണിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്ടര്‍മാര്‍ തഴയുകയും ചെയ്തു.