ആന്‍റിഗ: വിന്‍ഡീസിനെതിരായ ട്വന്‍റി20 മത്സരത്തില്‍ ഓപ്പണിംഗ് ബാറ്റ്സ്മാനായി ക്യാപ്റ്റന്‍ വീരാട് കോലി ഇറങ്ങിയേക്കും. ഇതിനൊപ്പം വിന്‍ഡീസ് ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചു വരുന്ന ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളുമായിട്ടാണ് ഇന്ത്യന്‍ ടീം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പര 3-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. 

ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ രണ്ടും മൂന്നും അഞ്ചും മത്സരങ്ങള്‍ ഇന്ത്യ ജയിച്ചു. 15 മാസത്തെ ഇടവേളക്ക് ശേഷമാണ് വിന്‍ഡീസീന്‍റെ വെടിക്കെട്ട് ബാറ്റസ്മാന്‍ ക്രിസ് ഗെയില്‍ കളികളത്തില്‍ തിരിച്ചെത്തുന്നത്. പരിക്കും ഐപിഎലില്‍ ഏറ്റ പരിക്കുമാണ് അദ്ദേഹം വിട്ടു നില്‍ക്കാന്‍ കാരണം. ടീമില്‍ അടിമുടി മാറ്റത്തിന് കോഹ്ലിയുടെ ഓപ്പണര്‍ സ്ഥാനം വഴിവെച്ചേക്കുമെന്നാണ് സൂചന. 

നേരത്തെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി കോഹ്ലി ഓപ്പണറായിട്ടുണ്ട്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ടീം ഇന്ത്യക്കായും കോഹ്ലി ഓപ്പണറുടെ വേഷത്തിലെത്തിയിട്ടുണ്ട്.

ശിഖര്‍ ധവാനൊപ്പമുളള കോഹ്ലിയുടെ ഓപ്പണിങ് കൂട്ടുകെട്ട് മികച്ചതായിരിക്കുമെന്നാണ് വിലയിരുത്തല്‍. യുവതാരം റിഷഭ് പന്തിനും ടീമിലിടം ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെയുളള ടി 20 ടീമിലും റിഷഭ് കളിച്ചിരുന്നു. കുല്‍ദീപ് യാദവും ടീമിലെത്തിയിട്ടുണ്ട്.