ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആശിഷ് നെഹ്റയെ വാനോളം പുകഴ്‌ത്തി നായകന്‍ വിരാട് കോലി. ടീമിലെ ചുറുചുറുക്കുള്ള സഹതാരങ്ങളിലൊരാളാണ് നെഹ്റയെന്ന് കോലി പറഞ്ഞു. പേസ് ബൗളറായി 19 വര്‍ഷം കളിക്കുക എന്നത് വലിയ നേട്ടമാണെന്ന് കോലി വ്യക്തമാക്കി. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സീനിയര്‍ താരമാണ് ആശിഷ് നെഹ്റയെന്നും കോലി പറഞ്ഞു. 

സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിയുടെ ഗതിമാറ്റാന്‍ കഴിവുള്ള താരമാണ് ആശിഷ് നെഹ്റ. ദീര്‍ഘകാലം കളിച്ച സഹതാരം വിരമിക്കുന്നത് തനിക്കേറെ വിഷമം നല്‍കുന്നു. എന്നാല്‍ ഹോം ഗ്രൗണ്ടില്‍വെച്ച് വിരമിക്കാന്‍ സാധിക്കുന്നത് അഭിമാന മുഹൂര്‍ത്തമാണെന്നും കോലി പറഞ്ഞു. ന്യൂസീലന്‍ഡിനെതിരായ മത്സരത്തിന് മുമ്പ് കോലിയും മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും ചേര്‍ന്ന് വിരമിക്കുന്ന നെഹ്റക്ക് ഉപഹാരം സമ്മാനിച്ചു. 

ശ്രീലങ്കയ്ക്കെതിരെ 1999ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച നെഹ്റ 17 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകള്‍ നേടി. 2004ല്‍ പാക്കിസ്ഥാനെതിരെ ഏകദിന കരിയര്‍ തുടങ്ങിയ താരം 120 മത്സരങ്ങളില്‍ 157 വിക്കറ്റുകള്‍ വീഴ്ത്തി. 27 അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങള്‍ക്കിടെ നെഹ്റ 34 പേരെ പുറത്താക്കി. നിലവില്‍ ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരമാണ് രണ്ട് തലമുറക്കൊപ്പം കളിച്ച ആശിഷ് നെഹ്റ.