പൂനെ: തുടര്‍ച്ചയായ നാലു ടെസ്റ്റ് പരമ്പരകളില്‍ ഡബിള്‍ സെഞ്ചുറി അടിച്ച് ലോക റെക്കോര്‍ഡിട്ട ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‌ലി ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പൂജ്യനായി പുറത്തായി. ഇന്ത്യയിലെ ഒരു ടെസ്റ്റില്‍ ഇതാദ്യമായാണ് കൊഹ്‌ലി പൂജ്യനായി പുറത്താവുന്നത്.

നേരിട്ട രണ്ടാം പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ച് കൊഹ്‌ലി മടങ്ങി. ആറു വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ അഞ്ചാം തവണയാണ് കൊഹ്‌ലി റണ്‍സൊന്നുമെടുക്കാതെ പുറത്താവുന്നത്. മൂന്നുവര്‍ഷം മുമ്പ് മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കൊഹ്‌ലി അവസാനമായി പൂജ്യനായത്.

കഴിഞ്ഞ പരമ്പരകളിലെല്ലാം ഇന്ത്യന്‍ വിജയങ്ങളില്‍ ഏറെ നിര്‍ണായകമായിരുന്നു കൊഹ്‌ലിയുടെ സംഭാവന. കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പകളില്‍ 1255 റണ്‍സാണ് കൊഹ്‌ലി ഇന്ത്യക്കായി അടിച്ചെടുത്തത്. ഇതില്‍ ഇംഗ്ലണ്ടിനെതിരെ നാലു ടെസ്റ്റില്‍ നിന്ന് നേടിയ 655 റണ്‍സും ഉള്‍പ്പെടുന്നു.