ജോഹ്നാസ്ബര്‍ഗ്: സെഞ്ചൂറിയന്‍ ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് കാരണം ടീം സെലക്ഷനിലെ പോരായ്മയാണോ എന്ന് ചോദിച്ച മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കളി ജയിച്ചാൽ അതു മികച്ച ടീം; തോറ്റാൽ അതു മോശം ടീം. എന്നാല്‍ പിന്നെ ഇനി കളിക്കുംമുൻപേ നിങ്ങൾ തന്നെ അന്തിമ ഇലവനെ തിരഞ്ഞെടുക്കൂ, അതിനനുസരിച്ചു ഞങ്ങൾ കളിക്കാം– കോലി പറഞ്ഞു.

രണ്ടാം ടെസ്റ്റിലും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയതും രോഹിത് ശർമയെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയതും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചതാണ് കോലിയെ പ്രകോപിപ്പിച്ചത്. ഒരു തോൽ‌വിയിൽ ഞാൻ ഈ ടീമിനെ തള്ളിപ്പറയില്ല. ഇന്ത്യൻ മണ്ണിലും ഞങ്ങൾ തോറ്റിട്ടില്ലേ? അന്നു നമ്മുടേതു മികച്ച ഇലവനായിരുന്നില്ലേ?

ഇന്ത്യയുടെ റിസർവ് നിര ശക്തമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് അവരിൽനിന്ന് ഏറ്റവും മികച്ചവരെ തിരഞ്ഞടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. അതു തുടരും. ഇപ്പോഴും ലോകത്തെ മികച്ച ടീം ഇന്ത്യതന്നെയാണ്– കോലി പറഞ്ഞു. ഒരു ടീമും തോല്‍ക്കാനായി കളിക്കില്ല. തോല്‍വി അംഗീകരിക്കണം. പക്ഷെ ഈ രീതിയിലല്ലായിരുന്നു തോല്‍ക്കേണ്ടിയിരുന്നതെന്ന് അംഗീകരിക്കുന്നു. പലഘട്ടങ്ങളിലും ലഭിച്ച മുന്‍തൂക്കം നമ്മള്‍ നഷ്ടമാക്കി.

നിസാരമായ പിഴവുകള്‍കൊണ്ട് പുറത്താവുന്നത് ശരിക്കും വേദനിപ്പിച്ചു. രണ്ട് മത്സരങ്ങളിലും ഒരേ പിഴവുകള്‍ നമ്മള്‍ ആവര്‍ത്തിച്ചു. അതില്‍ ടീം അംഗങ്ങളെല്ലാം നിരാശരാണെന്നും കോലി പറഞ്ഞു. തങ്ങള്‍ക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് ടീം അംഗങ്ങള്‍ ഓരോരുത്തരും ആത്മപരിശോധന നടത്തണം. ടീമിനായി എപ്പോഴും 120 ശതമാനം സ്വയം സമര്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ എന്ന് ചോദിക്കണം. ഇക്കാര്യങ്ങള്‍ മറച്ചുവെക്കില്ല, തുറന്ന് ചര്‍ച്ച ചെയ്യുമെന്നും കോലി പറഞ്ഞു.