വിശാഖപട്ടണം: ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി കുറിച്ചത് പുതിയ റെക്കോര്‍ഡുകള്‍. ഇംഗ്ലണ്ടിനെതിരെ ഒന്നാം ദിനം 150 കടന്ന കൊഹ്‌ലി ഒരുവര്‍ഷം മൂന്നുതവണ 150 റണ്‍സിലധികം നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് കൊഹ്‌ലി സ്വന്തമാക്കി.

അര്‍ധസെഞ്ചുറികള്‍ സെഞ്ചുറികളാക്കി മാറ്റുന്നതിലെ ശരാശരിയില്‍ നിലവില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് തൊട്ടു പിന്നിലാണ് കൊഹ്‌ലി. ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ ഈ വര്‍ഷം കൊഹ്‌ലി നേടുന്ന ഏഴാം സെഞ്ചുറിയാണ് ഇന്ന് വിശാഖപട്ടണത്ത് പിറന്നത്. ആദ്യ 50 ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും കൊഹ്‌ലി സ്വന്തമാക്കി. ഗാവസ്കറാണ് കൊഹ്‌ലി ഇക്കാര്യത്തില്‍ മുന്നില്‍.

മൂന്നാം വിക്കറ്റില്‍ കൊഹ്‌ലി പൂജാര സഖ്യം നേടി 226 റണ്‍സ് മൂന്നാം വിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടാണ്. കൊഹ്‌ലിക്കൊപ്പം സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര ടെസ്റ്റില്‍ 3000 റണ്‍സ് തികച്ചു. 67 ഇന്നിംഗ്സുകളില്‍ നിന്ന് 3000 തികച്ച പൂജാര അതിവേഗം ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ്. 55 ഇന്നിംഗ്സുകളില്‍ നിന്ന് 3000 കടന്ന സെവാഗാണ് ഒന്നാമത്.