ന്യൂസീലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും ടി20 പരമ്പരയിലും വിരാട് കോലി കളിക്കില്ല. കോലിയുടെ വര്‍ക്ക് ലോഡ് പരിഗണിച്ചാണ് തീരുമാനം.
നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും ടി20 പരമ്പരയിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി കളിക്കില്ല. കോലിയുടെ വര്‍ക്ക് ലോഡ് പരിഗണിച്ച് ടീം മാനേജ്മമെന്‍റും സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയും ചര്‍ച്ച ചെയ്ത് വിശ്രമം അനുവദിച്ചു. സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയ്ക്ക് മുന്‍പ് കോലിക്ക് വിശ്രമം വേണമെന്നാണ് നിരീക്ഷണം.
ഇതോടെ അവസാന രണ്ട് ഏകദിനങ്ങളിലും ടി20 പരമ്പരയിലും രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കും. എന്നാല്‍ കോലിക്ക് പകരം മറ്റാരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തെ ഓസീസ് പര്യടനത്തിന് മുന്‍പ് വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലും സെപ്റ്റംബറില്‍ നടന്ന ഏഷ്യാകപ്പിലും കോലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. അന്നും കോലിയുടെ അഭാവത്തില്‍ രോഹിതായിരുന്നു ടീമിന്‍റെ കപ്പിത്താന്‍.
അഞ്ച് ഏകദിനങ്ങളാണ് ന്യൂസീലന്‍ഡില്‍ ഇന്ത്യ കളിക്കുന്നത്. മൂന്ന് ടി20യും പര്യടനത്തിലുണ്ട്. ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചു. ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ്- ഏകദിന പരമ്പരകള്‍ വിജയിച്ചാണ് കോലിപ്പട കിവികളുടെ നാട്ടിലെത്തിയിരിക്കുന്നത്.
