ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ഉള്‍പ്പെടെ എട്ട് ടെസ്റ്റുകളാണ് ഇന്ത്യക്കിനി അവശേഷിക്കുന്നത് . ഇതില്‍ ആറെണ്ണത്തിലെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ഫൈനലിലെത്താനാവു.

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 165 റൺസിന്‍റെ മിന്നുന്ന വിജയം സ്വന്തമാക്കിയതോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലെത്തിയ ഇന്ത്യ, സീസണിലെ പത്ത് മത്സരങ്ങളിൽ നിന്ന് അഞ്ചാം വിജയത്തോടെ പോയിന്‍റ് ശതമാനം 53.33 ആയി ഉയർത്തി. എങ്കിലും പോയിന്‍റ് പട്ടികയിൽ ഇന്ത്യ ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തന്നെയാണ്. കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയ്ക്കെതിരെ ചരിത്ര വിജയം നേടിയ ബംഗ്ലാദേശ് നാലാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യക്കെതിരെ തോൽവി വഴങ്ങിയതോടെ പോയിന്‍റ് ശതമാനം 41.67-ൽ നിന്ന് 33.33 ആയി കുറഞ്ഞെങ്കിലും ശ്രീലങ്ക ആറാമത് തന്നെയാണ്.

മത്സരത്തിന്‍റെ അവസാന ദിനം 372 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ 206 റൺസിന് പുറത്താക്കിയാണ് ഇന്ത്യ വമ്പന്‍ ജയം നേടിയത്. ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാറിന്‍റെ അവിസ്മരണീയ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. രണ്ടാം ഇന്നിംഗ്സിൽ 23.4 ഓവറിൽ 55 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് സുതാർ വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സിലെ 4/76 റൺസ് ഉൾപ്പെടെ മത്സരത്തിലാകെ 10 വിക്കറ്റുകൾ സുതാര്‍ സ്വന്തമാക്കി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയുടെ 462 റൺസിന് മറുപടിയായി ശ്രീലങ്ക 284 റൺസിന് പുറത്തായിരുന്നു.

Scroll to load tweet…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ആദ്യ രണ്ട് സീസണുകളിൽ ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാൻ ഇന്ത്യക്കായിരുന്നില്ല. കഴിഞ്ഞ സീസണിൽ ഫൈനൽ കാണാതെ പുറത്താവുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയോട് നാട്ടിൽ വെച്ച് നേരിട്ട 0-2ന്‍റെ പരമ്പര തോൽവി ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരുന്നു. എങ്കിലും നിലവിലെ 2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യക്ക് ഇനി എട്ട് ടെസ്റ്റുകൾ കൂടി അവശേഷിക്കുന്നുണ്ട്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് പുറമെ ന്യൂസിലൻഡിനെതിരെ രണ്ട് ടെസ്റ്റുകളും അടുത്ത വർഷം നാട്ടിൽ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതില്‍ ആറെണ്ണത്തിലെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ഫൈനലിലെത്താനാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക