ദുബായ്: ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യന്‍ താരം വിരാട് കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്ത്. ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ കൊഹ്‌ലി മാത്രമാണ് ആദ്യപത്തിലുള്ള ഇന്ത്യന്‍ താരം. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ സെഞ്ചുറി നേടിയ കെ.എല്ർ രാഹുലാണ് റാങ്കിംഗില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരം. 67 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രാഹുല്‍ 31-ാം സ്ഥാനത്തെത്തി. രോഹിത് ശര്‍മ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനേഴാം സ്ഥാനത്തെത്തി.

ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ആര്‍ അശ്വിന്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി. പുതിയ റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് അശ്വിന്‍. വെസ്റ്റിന്‍ഡീസിന്റെ സാമുവല്‍ ബദ്രിയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ജസ്‌പ്രീത് ബൂമ്ര മൂന്നാം സ്ഥാനത്തുണ്ട്.

ടീം റാങ്കിംഗില്‍ ന്യൂസിലന്‍ഡ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര ജയത്തോടെ വെസ്റ്റിന്‍ഡീസ് രണ്ടു ടീമുകളും തമ്മിലുളള പോയന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു. ദക്ഷിണാഫ്രിക്കയാണ് നാലാം സ്ഥാനത്ത്.