ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും കായികക്ഷമതയുള്ള താരമാണ് ക്യാപ്റ്റന്‍ വിരാട് കോലി. മറ്റ് താരങ്ങള്‍പോലും മാതൃകയാക്കുന്ന കളിക്കാരന്‍. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ തനിക്ക് മറികടക്കനാവാത്ത ഒറു താരമുണ്ടെന്ന് കോലി വെളിപ്പെടുത്തി. അത് മാറ്റാരുമല്ല, മൂന്നാം നമ്പറിലെ ഇന്ത്യയുടെ വന്‍മതിലായ ചേതേശ്വര്‍ പൂജാരയാണ്.

എവിടെയും തോല്‍ക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ കോലി, പക്ഷെ ടെന്നീസിലായാലും ടേബിള്‍ ടെന്നീസിലായാലും, ഫിഫയിലായാലും എപ്പോഴും പൂജാര തന്നെ കീഴടക്കാറുണ്ടെന്നും വ്യക്തമാക്കി. പൂജാരയ്ക്ക് മുന്നില്‍ ഞാന്‍ എപ്പോഴും പിഴവുകള്‍ വരുത്തും. ഇനി പൂജാരയുമായി ബാഡ്മിന്റണില്‍ ഒരു കൈ നോക്കണം. അതിവേഗ കളിയായതിനാല്‍ അവിടെയെങ്കിലും എനിക്ക് പൂജാരയെ തോല്‍പ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.

2012ലെ ഐപിഎല്ലാണ് തന്റെ കരിയറിലെ വഴിത്തിരിവെന്നും കോലി പറഞ്ഞു. എന്നില്‍ എനിക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ആ ഐപിഎല്ലില്‍ എനിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. അതിനുശേഷമാണ് ഞാന്‍ എന്റെ ജീവിതരീതി തന്നെ മാറ്റിമറിച്ചത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തനിക്കേറ്റവും പ്രിയപ്പെട്ടത് ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണെന്നും കോലി പറഞ്ഞു.