Asianet News MalayalamAsianet News Malayalam

തോല്‍വിയുടെ നാണക്കേടിലും അഭിമാനിക്കാന്‍ കോലിക്കൊരു റെക്കോര്‍ഡ്

Virat Kohli rises to 2nd spot ICC Test rankings
Author
First Published Jan 18, 2018, 5:22 PM IST

ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്കിടയിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് അഭിമാനിക്കാന്‍ ഒരു റെക്കോര്‍ഡ്. രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ കോലി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ 900 റേറ്റിംഗ് പോയന്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി. 900 റേറ്റിംഗ് പോയന്റുള്ള കോലി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ സ്റ്റീവ് സ്മിത്തിന് പിന്നില്‍ രണ്ടാമതാണ്.

രണ്ടാം ടെസ്റ്റിന് മുമ്പ് 880 റേറ്റിംഗ് പോയന്റുണ്ടായിരുന്ന കോലി ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിയോടെ 20 പോയന്റുകള്‍ കൂടി നേടിയാണ് 900 പോയന്റിലെത്തിയത്. സുനില്‍ ഗവാസ്കര്‍ മാത്രമാണ് കോലിക്ക് മുമ്പ് 900 റേറ്റിംഗ് പോയന്റ് നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കുപോലും കഴിയാതിരുന്ന നേട്ടമാണ് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതിന് പിന്നാലെ കോലിയെ തേടിയെത്തിയത്.

ടെസ്റ്റ് ചരിത്രത്തില്‍ 900 റേറ്റിംഗ് പോയനറ് നേടുന്ന 31-ാമത് ബാറ്റ്സ്മാനാണ് കോലി. 947 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്ത് കോലിയേക്കാള്‍ ബഹുദൂരം മുന്നിലാണ്. 881 പോയന്റുള്ള ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് മൂന്നാമതും 855 റേറ്റിംഗ് പോയന്റുള്ള ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ നാലാമതുമാണ്. ദക്ഷിണാഫ്രിക്കയില്‍ തിളങ്ങാനായില്ലെങ്കിലും 814 പോയന്റുള്ള പൂജാര ബാറ്റിംഗ് റാങ്കിംഗില്‍ ആറാമതുണ്ട്.

ബൗളര്‍മാരില്‍ അശ്വിന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ ജഡേജ മൂന്നാം സ്ഥാനത്തായി. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സ്ണ്‍ ആണ് ഒന്നാമത്. ഒന്നാമതായിരുന്ന റബാദ രണ്ടാം സ്ഥാനത്താണ്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജ രണ്ടാമതും അശ്വിന്‍ മൂന്നാമതുമാണ്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് ഒന്നാമത്.

Follow Us:
Download App:
  • android
  • ios