ബംഗളൂരു: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ശനിയാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടങ്ങാനിരിക്കെ പൂനെയിലെ ബാറ്റിംഗ് ദുരന്തം ആവര്‍ത്തിക്കെല്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ ഉറപ്പ്. പൂനെയില്‍ ഇന്ത്യയുടേത് മോശം പ്രകടനമായിരുന്നുവെന്ന് അംഗീകരിച്ച കൊഹ്‌ലി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലൊന്നും അത്തരമൊരു പ്രകടനം ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി. തോല്‍വികള്‍ കുറവുകള്‍ കണ്ടെത്താനുള്ള അവസരമാണെന്നും കൊഹ്‌ലി പറഞ്ഞു.
പൂനെയിലെ ടീം സെലക്ഷനില്‍ പോരായ്മയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ടീം ജയിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ചോദ്യം ഉയരില്ലായിരുന്നല്ലോ എന്നായിരുന്നു കൊഹ്‌ലിയുടെ മറുപടി. ഫലമാണ് ചോദ്യങ്ങളുടേ രീതി നിര്‍ണയിക്കുന്നതെന്നും കൊഹ്‌ലി തമാശയായി പറഞ്ഞു. പരിക്കുള്ളതിനാല്‍ ഹര്‍ദ്ദീക് പാണ്ഡ്യയെ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് പരിഗണിക്കില്ലെന്നും കൊഹ്‌ലി പറഞ്ഞു.
അന്തിമ ഇലവന്‍ സംബന്ധിച്ച സൂചനകളൊന്നും നല്‍കാനും കൊഹ്‌ലി തയാറായില്ല. അതേസമയം, ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് കളിച്ച അതേടീമിനെ നിലനിര്‍ത്തിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ നിരയില്‍ ഇന്ത്യയ്ക്കെതിരെയ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്ന സ്റ്റീവന്‍ സ്മിത്തിനെതിരെ പ്രത്യേക തന്ത്രങ്ങളൊന്നും തയാറാക്കിയിട്ടില്ലെന്നും കൊഹ്‌ലി പറഞ്ഞു. സ്മിത്ത് മാത്രമല്ല ഓസ്ട്രേലിയയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരും അപകടകാരികളാണെന്നും കൊഹ്‌ലി വ്യക്തമാക്കി.
എങ്കിലും ജയന്ത് യാദവിന് പകരം കരുണ്‍ നായരെയും ഇഷാന്ത് ശര്‍മയ്ക്ക് പകരം ഭുവനേശ്വര്‍ കുമാറിനെയും ഇന്ത്യ അന്തിമ ഇലവനില്‍ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ജയന്ത് യാദവിന് പകരം ഇടംകൈയന്‍ ചൈനാമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കിയേക്കും.
