മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗയില്‍ കാറോടിക്കുക... അതിവേഗ കാറോട്ടകാരെക്കുറിച്ചല്ല പറയുന്നത്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയാണ് തന്റെ ഓടികാറില്‍ ചീറിപ്പാഞ്ഞ് ആരാധകരെ അമ്പരപ്പിച്ചത്. ഐപിഎല്ലില്‍ തോറ്റതിന്റെ ദേഷ്യം കാറിനോട് തീര്‍ത്തതല്ല. കൊഹ്‌ലിയുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് കാറോട്ടം.

ഐപിഎല്ലില്‍ നിന്നു പാതിവഴിയില്‍ പടിയിറങ്ങിയ താരം, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നതിനു മുമ്പ് ഇഷ്ട വിനോദങ്ങളിലൊന്നായ കാറോട്ട മത്സരത്തില്‍ പങ്കെടുത്തു. ട്രാക്കില്‍ തന്റെ ഔഡി കാറുമായി മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയിലാണ് കൊഹ്‌ലി പറന്നത്. 
ദില്ലിയിലെ ബുദ്ധ അന്താരാഷ്ട്ര സെര്‍ക്യൂട്ടിലായിരുന്നു ഇന്ത്യന്‍ നായകന്‍ മിന്നല്‍ വേഗത്തില്‍ പാഞ്ഞത്.

തോളിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ശേഷം ട്രാക്കിലേക്ക് എത്തിയ കൊഹ്‌ലി, തന്റെ അനുഭവത്തെ മറക്കാന്‍ കഴിയാത്തത് എന്നാണ് വിശേഷിപ്പിച്ചത്. ഇതിനു മുമ്പ് ഇതേ ട്രാക്കില്‍ മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗത്തില്‍ പറന്നിട്ടുണ്ടെന്നും അന്ന് കുറച്ച് പകച്ചുപോയെന്നും അവസാന നിമിഷം ഒരു പ്രൊഫഷണല്‍ ഡ്രൈവറെ പോലെ ബ്രേക്ക് അമര്‍ത്താന്‍ കഴിയാത്ത അവസ്ഥയുണ്ടായെന്നും കൊഹ്‌ലി പറയുന്നു.