മുംബൈ: ഇന്ത്യന്‍ പരസ്യവിപണിയിലെ രാജാവ് താന്‍ തന്നെയാണെന്ന് തെളിയിച്ച് വിരാട് കൊഹ്‌ലി ഒറ്റപ്പരസ്യത്തിലൂടെ സ്വന്തമാക്കിയത് 110 കോടി രൂപ. പ്രമുഖ ജര്‍മന്‍ സ്പോര്‍ട്സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ പ്യൂമയുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്നതോടെയാണ് കൊ‌ഹ്‌ലി ഒറ്റപ്പരസ്യത്തിലൂടെ 100 കോടിക്ക് മുകളില്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായികതാരമായത്.

പ്യൂമയുമായി എട്ടുവര്‍ഷ കരാറാണ് 28കാരനായ കൊഹ്‌ലി ഒപ്പിട്ടത്. അതായത് കൊഹ്‌ലിയുടെ കരിയറിലെ നല്ലകാലം അവസാനിക്കുന്നതുവരെ പ്യൂമയുമയുള്ള കരാര്‍ തുടരുമെന്നര്‍ഥം. പ്യൂമയുമായി കരാറൊപ്പിട്ടതോടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്, അസഫാ പവല്‍, ഫുട്ബോള്‍ താരങ്ങളായ തിയറി ഹെന്‍റി, ഒലിവര്‍ ജിറൂദ് എന്നിവരുടെ നിരയിലേക്കാണ് കൊഹ്‌ലി ഉയര്‍ന്നത്. നേരത്തെ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി തുടങ്ങിയ താരങ്ങള്‍ ഒന്നിലധികം ബ്രാന്‍ഡുകളുമായി കരാറില്‍ ഒപ്പിട്ട് 100 കോടി ക്ലബില്‍ എത്തിയിട്ടുണ്ടെങ്കിലും ഒറ്റ ബ്രാ‍ന്‍ഡിന്റെ പരസ്യത്തിനായി 100 കോടി നേടുന്നത് കൊഹ്‌ലി മാത്രമാണ്.

എട്ടുവര്‍ഷത്തെ കരാര്‍ കാലയളവില്‍ പ്രതിവര്‍ഷം 12 മുതല്‍ 14 കോടി രൂപവരെയാണ് കോഹ്‌ലിക്ക് ലഭിക്കുക. പെലെ, മാറഡോണ, ബോള്‍ട്ട്, ഹെന്‍റി തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായിട്ടുളള പ്യൂമയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കൊഹ്‌ലി പറഞ്ഞു. 2013ല്‍ കൊഹ്‌ലി അഡിഡാസുമായി മൂന്ന് വര്‍ഷ പരസ്യക്കരാറില്‍ ഒപ്പിട്ടിരുന്നു. പ്രതിവര്‍ഷം 10 കോടി രൂപയായിരുന്നു അഡിഡാസ് കൊഹ്‌ലിക്ക് നല്‍കിയിരുന്നത്. കൊഹ്‌ലി അഭിനയിക്കുന്ന പ്യൂമയുടെ പുതിയ പരസ്യം തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.