ചെന്നൈ: ഈ വര്‍ഷമാദ്യം നടന്ന ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെ ഉണ്ടായ വിവാദങ്ങള്‍ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഡിആര്‍എസ് തീരുമാനമെടുക്കും മുമ്പ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയതും തുടര്‍ന്ന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയക്കും സ്മിത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയതുമെല്ലാം ആരാധകര്‍ ഓര്‍ക്കുന്നുണ്ടാവും. ആരാധകര്‍ മറന്നാലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി അതൊന്നും അത്രയെളുപ്പം മറക്കില്ല.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ഭുവനേശ്വര്‍ കുമാറിനെതിരെ ഡിആര്‍എസ് എടുത്ത സ്മിത്തിനെ ഡ്രസ്സിംഗ് റൂമിലിരുന്ന കളിയാക്കിയാണ് കോലി പഴയ പ്രതികാരം തീര്‍ത്തത്. മത്സരത്തിന്റെ 45-ാം ഓവറിലായിരുന്നു രസകരമായ സംഭവം. സ്റ്റോയിനിസിന്റെ പന്ത് ഭുവനേശ്വറിന്റെ പാഡില്‍ കൊണ്ടാണ് ബാറ്റില്‍ തട്ടിയതെന്ന് കരുതിയ ഓസീസ് ടീം എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്തു. അമ്പയര്‍ അപ്പീല്‍ നിഷേധിച്ചതോടെ സ്മിത്ത് ഡിആര്‍എസ് ആവശ്യപ്പെട്ടു.

റീപ്ലേകളില്‍ പന്ത് ഭുവിയുടെ ബാറ്റില്‍കൊണ്ടാണ് പാഡില്‍ തട്ടിയതെന്ന് വ്യക്തമാവുകയും ഫീല്‍ഡ് അമ്പയറുടെ നോട്ടൗട്ട് തീരുമാനം നിലനില്‍ക്കുകയും ചെയ്തു. ഇതോടെ നിരാശനായി തലയാട്ടി ഫീല്‍ഡിംഗ് പൊസിഷനിലേക്ക് മടങ്ങിയ സ്മിത്തിനെ നോക്കി കോലി ഡ്രസ്സിംഗ് റൂമിലിരുന്ന് കളിയാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ ആരാധകര്‍ കാണുകയും ചെയ്തു. മത്സരത്തില്‍ 26 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.