Asianet News MalayalamAsianet News Malayalam

അഫ്രീദിക്ക് കോലിയും സംഘവും നല്‍കിയ അപ്രതീക്ഷിത സമ്മാനം

Virat Kohli Team India Give Shahid Afridi Special Farewell Gift
Author
Bengaluru, First Published Apr 20, 2017, 1:58 AM IST

ലാഹോര്‍: ഫെബ്രുവരിയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഷഹീദ് അഫ്രീദിയെത്തേടി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും സംഘത്തിന്റെയും ഒരു അപ്രതീക്ഷിത സമ്മാനമെത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് കളിച്ചിട്ട് കാലമേറെയായെങ്കിലും ഇരുടീമിലെയും കളിക്കാര്‍ തമ്മിലുള്ള സൗഹൃദത്തെ അതൊന്നും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അഫ്രീദിക്ക് ടീം ഇന്ത്യ നല്‍കിയ സമ്മാനം.

ടീം ഇന്ത്യയിലെ മുഴുവന്‍ താരങ്ങളും ഒപ്പിട്ട വിരാട് കോലിയുടെ ജേഴ്സിയാണ് ടീം ഇന്ത്യ അഫ്രീദിക്ക് സമ്മാനമായി അയച്ചുകൊടുത്തത്. ഫെബ്രുവരിയില്‍ അഫ്രീദിക്ക് ടീം ഇന്ത്യ നല്‍കിയ സമ്മാനത്തിന്റെ ചിത്രം പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനായ ഫൈസാന്‍ ലഖാനിയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വിരാട് എന്നെഴുതിയ കോലിയുടെ പതിനെട്ടാം നമ്പര്‍ ജേഴ്സിയിലാണ് ടീം അംഗങ്ങള്‍ മുഴുവന്‍ ഒപ്പിട്ടിരിക്കുന്നത്. താങ്കള്‍ക്കെതിരെ കളിക്കുന്നത് എപ്പോഴും സന്തോഷം പകരുന്ന കാര്യമായിരുന്നു എന്ന സന്ദശവും ജേഴ്സിയില്‍ എഴുതിയിരുന്നു.

യുവരാജ് സിംഗ്, ആശിഷ് നെഹ്റ, ജസ്പ്രീത് ബൂമ്ര, സുരേഷ് റെയ്ന, പവന്‍ നേഗി, മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അജിങ്ക്യാ രഹാനെ, ശീഖര്‍ ധവാന്‍, അശ്വിന്‍, ഹര്‍ദ്ദീക് പാണ്ഡ്യ, മുന്‍ പരിശീലകന്‍ രവി ശാസ്ത്രി എന്നിവരാണ് ജേഴ്സിയില്‍ കൈയൊപ്പിട്ടിരിക്കുന്നത്. ഇതിനൊപ്പം കോലി നല്‍കിയ സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു, ഷഹീദ് ഭായ്, താങ്കള്‍ക്കെതിരെ കളിക്കുന്നത് ഞങ്ങള്‍ക്ക് എപ്പോഴും സന്തോഷം പകരുന്ന കാര്യമാണ്. എല്ലാവിധ ആശംസകളും. ടെസ്റ്റ്, ഏകദിന ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച അഫ്രീദി ഫെബ്രുവരിയിലാണ് ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios