ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ വിരാട് കോലി തന്നെ ഒന്നാമത്. 873 റേറ്റിംഗ് പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള കോലിക്ക് പിന്നില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. എ.ബി.ഡിവില്ലിയേഴ്സ ആണ് മൂന്നാമത്. ആദ്യ പത്തില്‍ കോലിയല്ലാതെ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. മുന്‍ നായകന്‍ എംഎസ് ധോണി പന്ത്രണ്ടാമതും ശീഖര്‍ ധവാന്‍ പതിമൂന്നാമതുമുണ്ട്. പതിനാലാമതുള്ള രോഹിത് ശര്‍മയാണ് ആദ്യ ഇരുപതിലെ മറ്റൊരു ഇന്ത്യന്‍ താരം.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. പതിമൂന്നാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ആദ്യ ഇരുപതിലുള്ള ഇന്ത്യന്‍ ബൗളര്‍. അശ്വിന്‍ ഇരുപതാം സ്ഥാനത്താണ്. ഓസീസ് താരം ജോഷ് ഹേസല്‍വുഡാണ് ഒന്നാം സ്ഥാനത്ത്. ഇമ്രാന്‍ താഹിര്‍ രണ്ടാമതും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാമതുമാണ്.

ഏകദിന ടീം റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനത്ത് തുടരാനാവും. അതേസമയം, 3-2നാണ് ഇന്ത്യ ജയിക്കുന്നതെങ്കില്‍ ഇംഗ്ലണ്ടിന് പിന്നില്‍ നാലാം സ്ഥാനത്തേക്ക് വീഴും.

അതേസമയം, പരമ്പരയിലെ രണ്ട് മത്സരങ്ങളെങ്കിലും ജയിച്ചാലെ ശ്രീലങ്കയ്ക്ക് 2019 ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാവു. 88 റേറ്റിംഗ് പോയന്റുള്ള ലങ്ക നിലവില്‍ എട്ടാമതാണ്. 78 പോയന്റുള്ള വെസറ്റ് ഇന്‍ഡീസ് ഒമ്പതാമതും. ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. റാങ്കിംഗില്‍ ആദ്യ ഏഴ് സ്ഥാനക്കാരും ആതിഥേയരെന്ന നിലയില്‍ ഇംഗ്ലണ്ടിനും മാത്രമാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക.

ടീം റാങ്കിംഗില്‍ അവസാന നാലു റാങ്കിലുള്ളവര്‍ യോഗ്യതാ ടൂര്‍ണമെന്റ് കളിച്ച് ജയിച്ചാലെ ലോകകപ്പിന് യോഗ്യത നേടൂ. ഇന്ത്യ 4-1ന് പരമ്പര നേടുകയും വരാനിരിക്കുന്ന ആറ് ഏകദിനങ്ങളും വെസ്റ്റ് ഇന്‍ഡീസ് ജയിക്കുകയും ചെയ്താല്‍ വിന്‍ഡീസിന് ലങ്കയെ മറികടന്ന് മുന്നിലെത്താനാവും. ഈ സാഹചര്യം ഒഴിവാക്കാനാവും ലങ്ക ശ്രമിക്കുക.