മുംബൈ: ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സോഷ്യല്‍ മീഡിയയിലും പുതിയ റെക്കോര്‍ഡിടുന്നു. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിലാക്കിയത്. മൂന്നരക്കോടി ഫോളോവേഴ്സാണ് കോലിയുടെ ഫേസ്ബുക് പേജിനുള്ളത്. 4 കോടി 22 ലക്ഷം ഫോളോവേഴ്സ് ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് ഫേസ്ബുക്കില്‍ കോലിക്ക് മുന്നിലുള്ളത്. കളിക്കളത്തിലെ പ്രകടനങ്ങളുടെ പ്രതിഫലനമാണ് സോഷ്യല്‍ മീഡിയയിലും കാണുന്നതെന്നായിരുന്നു ഇതുസംബന്ധിച്ച് കോലിയുടെ പ്രതികരണം.
ഫേസ്ബുക്കില്‍ എറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന സെലിബ്രിറ്റികളില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ കോലി. ഫേസബുക്കില്‍ 35,128,124 ഫോളോവേഴ്സുള്ള ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് കോലിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. ദിപിക പദുക്കോണിന് 34,048,708 ഫോളോവേഴ്സാണ് ഫേസ്ബുക്കിലുള്ളത്. ഹോളിവുഡിലും തിളങ്ങുന്ന പ്രിയങ്ക ചോപ്രയ്ക്കാകട്ടെ 31,742,85 ഫോളോവേഴ്സാണുള്ളത്.
ട്വിറ്ററിലെ 1 കോടി 60 ലക്ഷം ഫോളോവേഴ്സും ഇന്‍സ്റ്റഗ്രാമിലെ 1 കോടി 40 ലക്ഷം ഫോളോവേഴ്സുമുള്ള കോലി നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ക്രിക്കറ്റ് താരം കൂടിയാണ്.
