തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിൽ ഭിന്നത രൂക്ഷമായി. സീറ്റുകളുടെ എണ്ണത്തെ ചൊല്ലി സിപിഎമ്മും, മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോൺഗ്രസും ഡിഎംകെയ്ക്കെതിരെ രംഗത്തെത്തി. എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെയാണ് സഖ്യകക്ഷികൾക്കിടയിൽ തുറന്നപോര് ആരംഭിച്ചത്.
ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ ഡിഎംകെയ്ക്കെതിരെ സിപിഎം രംഗത്ത്. ഇടതു പാർട്ടികളെ ഡിഎംകെ അംഗീകരിച്ചില്ലെന്ന് സിപിഎം പിബി അംഗം കെ ബാലകൃഷ്ണൻ വിമർശിച്ചു. അഞ്ച് സീറ്റിലേക്ക് ഇടതു പാർട്ടികളെ ഒതുക്കിയെന്നാണ് വിമർശനം. ഈ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്കിടയിൽ പ്രത്യേക ഉണർവ് പ്രകടം ആയിരുന്നു. മുൻപൊരു തെരഞ്ഞെടുപ്പിലും ഇത് കണ്ടിട്ടില്ല. മാറ്റത്തിനായുള്ള ആഗ്രഹം യുവാക്കൾക്കിടയിൽ ഉണ്ടായിരുന്നു എന്നും ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്ത് രണ്ടക്ക സാമ്പത്തിക വളർച്ച ഉണ്ടെന്നാണ് മന്ത്രിമാർ പറഞ്ഞിരുന്നത്. വളർച്ച ഉണ്ടായെങ്കിൽ തൊഴിലാളികളുടെ അധ്വാനവും കാരണമാണ്. തൊഴിലാളികൾക്ക് സർക്കാർ എന്ത് നൽകിയെന്നും ബാലകൃഷ്ണൻ ചോദിച്ചു.
എക്സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ ഡിഎംകെക്കെതിരെ സഖ്യത്തിലെ പല പാർട്ടികളും രംഗത്തുവന്നു. ടിവികെയുമായി സഖ്യമുണ്ടാക്കാതിരുന്നത് മണ്ടത്തരമായെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നു. കന്നിവോട്ടർമാരുടെയും യുവാക്കളുടെയും വോട്ടുകൾ വൻതോതിൽ ടിവികെയിലേക്ക് പോയെന്ന് കഴിഞ്ഞ ദിവസം വൈക്കോ പ്രതികരിക്കുകയുണ്ടായി. പിന്നാലെയാണ് സിപിഎമ്മും വിജയ്ക്ക് ചലനമുണ്ടാക്കാൻ കഴിയുമെന്ന തരത്തിലുള്ള പ്രതികരണം നടത്തിയത്. സംസ്ഥാന സെക്രട്ടറിയായിരിക്കെ ബാലകൃഷ്ണൻ ഡിഎംകെക്കെതിരെ വിമർശനം നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ ആ പദവിയിൽ നിന്ന് മാറ്റിയതെന്ന് ആരോപണം ഉയർന്നിരുന്നു.
ഡിഎംകെ - കോണ്‍ഗ്രസ് തുറന്നപോര്
അതിനിടെ ഡിഎംകെയും കോൺഗ്രസും തമ്മിലും തുറന്നപോരാണ് തമിഴ്നാട്ടിൽ. മന്ത്രിസ്ഥാനത്തിനായുള്ള അവകാശവാദത്തിലാണ് നേർക്കുനേർ പോര്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട എഐസിസി ഇൻ-ചാർജ് ഗിരീഷ് ചോദാങ്കറിനെതിരെ ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി രംഗത്തെത്തി. ചോദാങ്കർ ഗോവക്കാരനാണെന്നും തമിഴ്നാടിനെയോ തമിഴ് സംസ്കാരത്തെയോ അറിയില്ലെന്നുമാണ് വിമർശനം. ചോദാങ്കർ തമിഴ്നാട് കാണാൻ വന്നയാൾ മാത്രമാണെന്നും തമിഴ്നാടിന്റെ വാച്ച്മാൻ ആകേണ്ടെന്നും ആർ എസ് ഭാരതി പറഞ്ഞു. ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് 160 സീറ്റ് കിട്ടുമെന്ന ആത്മവിശ്വാസവും ആർ എസ് ഭാരതി പ്രകടിപ്പിച്ചു. ടിവികെ മുന്നേറ്റം അസാധ്യമാണെന്നും ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. വിജയ്‍യുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷി ആകും എന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. പല തവണ ഏജൻസിയുടെ പ്രവചനം തെറ്റിയിട്ടുണ്ടെന്ന് ആർ എസ് ഭാരതി വിശദീകരിച്ചു.
കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം വേണമെന്ന് ചോദാങ്കർ പരസ്യമായി ആവശ്യപ്പെട്ടതിൽ ഡിഎംകെയ്ക്ക് നേരത്തെ തന്നെ അതൃപ്തിയുണ്ട്. ചോദാങ്കറിനെ നിലയ്ക്കു നിർത്തണമെന്ന് കനിമൊഴി രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുന്നത് ശരിയല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ഡിഎംകെയ്ക്ക് ലഭിക്കില്ലെന്നാണ് മിക്ക എക്സിറ്റ് പോളുകളും പറയുന്നത്. ഇതോടെ ചോദാങ്കർ മന്ത്രിസ്ഥാന അവകാശവാദവുമായി വീണ്ടും രംഗത്തെത്തി. കോണ്‍ഗ്രസിന് മുന്നിൽ രണ്ടു വഴികളേയുള്ളൂ, ഒന്നുകിൽ മന്ത്രിസഭയിൽ സ്ഥാനം, അല്ലെങ്കിൽ പ്രതിപക്ഷത്ത് ഇരിക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് പൊട്ടിത്തെറിച്ച് ആർ എസ് ഭാരതി രംഗത്തെത്തിയത്.

