ദില്ലി: പാക്കിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും യുവരാജ് സിംഗും ഒത്തുകളിച്ചുവെന്ന ഗുരുതര ആരോപണവുമായി കേന്ദ്ര മന്ത്രി. കേന്ദ്ര സാമൂഹികക്ഷേമ സഹമന്ത്രി രാമദാസ് അതാവാലെ ആണ് ഇരുവര്‍ക്കുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ടൂര്‍ണമെന്റില്‍ അതുവരെയുള്ള മത്സരങ്ങളിലെല്ലാം മികവുറ്റ പ്രകടനം നടത്തിയവര്‍ എങ്ങനെയാണ് ഫൈനലില്‍ നിറം മങ്ങുന്നതെന്നും മന്ത്രി ചോദിച്ചു.

സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്ന വിരാട് കോലിക്കും മുമ്പ് രാജ്യത്തിനായി നിരവധി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള യുവരാജ് സിംഗിനുമെല്ലാം ഫൈനലില്‍ മാത്രം എങ്ങനെയാണ് പിഴയ്ക്കുന്നത്. അവര്‍ തോല്‍ക്കാനായാണ് കളിച്ചതെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയായ അതാവാലെ ആരോപിച്ചു. മത്സരം ഒത്തുകളിച്ചതാണോ എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എത്രയോ റണ്‍സടിച്ചുകൂട്ടിയിട്ടുള്ള കോലിക്ക് ആ മത്സരത്തില്‍ മാത്രം എങ്ങനെയാണ് പിഴച്ചത് എന്നതാണ് തിനിക്ക് സംശയമെന്നും അതിനാലാണ് ഇത് ഒത്തുകളിയാണോ എന്ന് സംശയിക്കുന്നതെന്നും അതാവാലെ പറയുന്നു.

പാക്കിസ്ഥാനെ നിരവധി തവണ മുട്ടുകുത്തിച്ചവരാണ് നമ്മള്‍. അതേ പാക്കിസ്ഥാന് മുന്നിലാണ് നമ്മുടെ കളിക്കാര്‍ ദയനീയമായി മുട്ടുകുത്തിയത്. ഇത് രാജ്യത്തിനുതന്നെ അപമാനമാണെന്നും മന്ത്രി പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 180 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച് കീരിടം നേടിയത്. പാക്കിസ്ഥാന്റെ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.