സെഞ്ചൂറിയന്‍: സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം അഞ്ചിന് 183 എന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യ 80 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 269 റണ്‍സ് എന്ന നിലയിലാണ്. 128 റണ്‍സുമായി വിരാട് കോലിയും 34 റണ്‍സെടുത്ത് ആര്‍ അശ്വിനുമാണ് ക്രീസില്‍. നാല് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയുടെ സ്കോറിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് കൂടി വേണം.

151 പന്തില്‍ നിന്നാണ് വിരാട് കോലി 21-ാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നിര്‍ഭയമായി നേരിട്ട കോലിയെ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ്, മോണി മോര്‍ക്കല്‍, കഗിസോ രബാഡ, ലുങ്കി എന്‍കിടി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ ഹര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ഇല്ലാത്ത റണിനായി ഓടിയ പാണ്ഡ്യയെ 15ല്‍ നില്‍ക്കേ ഫിലാന്‍ഡര്‍ റണൗട്ടാക്കുകയായിരുന്നു. 

10 റണ്‍സെടുത്ത ലോകേഷ് രാഹുലിനെ മോര്‍ക്കലും അക്കൗണ്ട് തുറക്കും മുമ്പ് ചേതേശ്വര്‍ പൂജാരയെ ലുങ്കി എന്‍കിടിയും പുറത്താക്കി. 46 റണ്‍സെടുത്ത മുരളി വിജയ്‌യെ കേശവ് മഹാരാജ് പുറത്താക്കി. ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ രോഹിത് 10 റണ്‍സെടുത്ത് റബാഡയ്ക്ക് മുന്നില്‍ കുരുങ്ങി. പിന്നീടെത്തിയ പാര്‍ത്ഥിവ് പട്ടേലും അധികംപിടിച്ചുനില്‍ക്കാതെ പുറത്തായി. 19 റണ്‍സെടുത്ത പാര്‍ത്ഥിവിനെ എന്‍കിടി പുറത്താക്കി.

നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 335ന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മര്‍ക്രാം(94), ഹാഷിം അംല(82) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേടി. നായകന്‍റെ ഇന്നിംഗ്സ് കളിച്ച ഫാഫ് ഡുപ്ലസിസ് 142 പന്തില്‍ 63 റണ്‍സ് കുറിച്ചു. ഡീന്‍ എള്‍ഗര്‍ 31 റണ്‍സെടുത്തും എബി ഡിവില്ലേഴ്സ് 20 റണ്‍സെടുത്തും പുറത്തായി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ നാലും ഇശാന്ത് ശര്‍മ്മ മൂന്നും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.