ദില്ലി: ഐപിഎല്‍ ടീം പഞ്ചാബ് സൂപ്പര്‍ കിംഗ്സിലേക്ക് യു.എ.ഇ താരങ്ങളെ ക്ഷണിച്ച് വിരേന്ദര്‍ സെവാഗ്. നിരവധി യു.എ.ഇ താരങ്ങളുടെ ബാറ്റിംഗ്-ബൗളിംഗ് പ്രകടനങ്ങള്‍ ഇതിനകം കണ്ട് മനസിലാക്കിയിട്ടുണ്ട്. ഐപിഎല്‍ താരലേലം വരുമ്പോള്‍ അവരില്‍ മികച്ചവരെ ടീമിലെത്തിക്കുമെന്ന് സെവാഗ് വ്യക്തമാക്കി. ഐപിഎല്ലില്‍ പഞ്ചാബ് സൂപ്പര്‍ കിംഗ്സിന്‍റെ ഉപദേശകനാണ് വീരു.

യു.എ.ഇ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ മികവ് കാട്ടാന്‍ കഴിയും. ജനുവരിയില്‍ നടക്കുന്ന ലേലത്തില്‍ താരങ്ങള്‍ക്ക് മികച്ച പ്രതിഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സെവാഗ് പറഞ്ഞു. നിലവില്‍ യു.എ.ഇ താരങ്ങളാരും ഐപിഎല്ലില്‍ കളിക്കുന്നില്ല. യു.എ.ഇയില്‍ നടന്ന ടി10 ക്രിക്കറ്റ് ലീഗില്‍ സെവാഗ് ഇതിനിടെ കളിച്ചിരുന്നു. ലീഗില്‍ മറാത്ത അറേബ്യന്‍സിന്‍റെ നായകനായിരുന്നു ഇന്ത്യന്‍ മുന്‍ ഓപ്പണര്‍.