ദില്ലി: വിരമിച്ചശേഷവും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വീരേന്ദര്‍ സെവാഗ്. സെവാഗിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ആരാധകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവയുമാണ്. ഒരുപക്ഷെ ട്വിറ്ററില്‍ സാക്ഷാല്‍ സച്ചിനെക്കാള്‍ ആരാധകരുടെ സ്നേഹം നേടുന്ന താരം കൂടിയാണ് സെവാഗ്. എന്തുകൊണ്ടാണ് സെവാഗിനെ ആരാധകര്‍ അത്രമേല്‍ സ്നേഹിക്കുന്നത്. അതിനുള്ള ഉത്തരമായിരുന്നു സെവാഗ് കഴിഞ്ഞ ദിവസം ഒരു ട്വീറ്റിലൂടെ നല്‍കിയത്.
സെവാഗിന്റെ ട്വിറ്റര്‍ ഫാന്‍ പേജില്‍ ജന്‍മദിനാശംസ നല്‍കണമെന്ന് ആവശ്യപ്പെട്ട ഒരു കുഞ്ഞാരാധകന് ജന്‍മദിനാശംസ നേര്‍ന്നാണ് സെവാഗ് ആരാധകരെ കൈയിലെടുത്തത്. സെവാഗിന്റെ മറ്റൊരാരാധകനാണ് കുഞ്ഞ് ആരാധകന്റെ പിറന്നാളിന്റെ കാര്യം വീരുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സാധാരണഗതിയില്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് മുന്നില്‍ കളിക്കാര്‍ നിശബ്ദരാവുകയാണ് പതിവെങ്കില്‍ സെവാഗ് അവിടെ വ്യത്യസ്തനായി. ശിബ് നാരായണ്‍ എന്ന ബാലന് സെവാഗ് നേരിട്ട് ജന്‍മദിനാശംസ നേര്‍ന്നു.
സെവാഗിന്റെ ജന്‍മദിനാശംസ കുഞ്ഞാരാധകന് പിറന്നാളിന് ലഭിച്ച ഇരട്ടിമധുരമായി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും തന്റെ സ്വപ്പ്ന സാക്ഷാത്കാരമാണിതെന്നും ആയിരുന്നു സെവാഗിന്റെ ജന്‍മദിനാശംസയ്ക്കുള്ള ആരാധകന്റെ മറുപടി.
