ഇംഗ്ലണ്ട് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗനു വിരേന്ദ്ര സെവാഗിന്റെ മറുപടി. കബഡി കണ്ടുപിടിച്ച ഇന്ത്യ എട്ട് തവണ ലോക ജേതാക്കളായി. എന്നാല്‍ ക്രിക്കറ്റ് കണ്ട് പിടിച്ച രാജ്യക്കാര്‍ക്ക് അതുപോലെ എന്താണ് ആകാത്തത് എന്നാണ് വിരേന്ദ്ര സെവാഗ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

കബഡിയില്‍ ഇംഗ്ലണ്ട് തോറ്റ കാര്യം ഷെയര്‍ ചെയ്ത സെവാഗ് എഴുതിയത് LOOSE എന്ന്. എന്നാല്‍ ഇത് തെറ്റാണെന്നും എഴുതേണ്ടിയിരുന്നത് lose എന്നാണെന്നും പറഞ്ഞ് പിയേഴ്‌സ് മോര്‍ഗന്‍ ഉടനെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വിരേന്ദ്ര സെവാഗിന്റെ ആരാധകരും രംഗത്തെത്തിയിരുന്നു. തോല്‍വിയുടെ സ്‌പെല്ലിംഗ് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകരോടല്ലാതെ വേറെ ആരോടാണ് ചോദിക്കുക. അവര്‍ക്കല്ലേ അത് കൃത്യമായി അറിയുക - മോര്‍ഗന്റെ കമന്റിനോട് ട്വിറ്ററില്‍ ഒരു വിരുതന്‍ പ്രതികരിച്ചത് ഇങ്ങനെ. വീരു പാജി ഒരു ഇംഗ്ലീഷ് കാരനെ പിടിച്ച് സ്‌പെല്‍ ചെക്കറായി നിയമിച്ചിട്ടുണ്ടല്ലോ. വൗവ്... ഇതായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി. സേവാഗിന് ഹിന്ദിയും ഇംഗ്ലീഷും അറിയാം മോര്‍ഗന് ഹിന്ദി അറിയാമോ എന്ന് ചോദിച്ചവരും കുറവല്ല. ഇന്ത്യ കബഡിയില്‍ ജേതാക്കളായതോടെ ഫാന്‍സിനു പിന്നാലെ വിരേന്ദ്ര സെവാഗ് തന്നെ പിയേഴ്സ് മോര്‍ഗന് ട്വിറ്ററില്‍ ചുട്ടമറുപടി നല്‍കുകയായിരുന്നു.