ആദ്യ ടി20യില്‍ സിംഗിളുകള്‍ നഷ്ടപ്പെടുത്തിയ എം എസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മത്സരത്തില്‍ എട്ട് സിംഗിളുകളാണ് ധോണി നഷ്ടപ്പെടുത്തിയത്.

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ സിംഗിളുകള്‍ നഷ്ടപ്പെടുത്തിയ എം എസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മത്സരത്തില്‍ എട്ട് സിംഗിളുകളാണ് ധോണി നഷ്ടപ്പെടുത്തിയത്. ഇന്ത്യ ചെറിയ സ്‌കോര്‍ നേടിയതിന് പ്രധാന കാരണങ്ങളിലൊന്ന് ധോണിയുടെ ഈ വേഗക്കുറവായിരുന്നു എന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. ഒരു സിക്‌സടക്കം 37 പന്തില്‍ 29 റണ്‍സ് മാത്രമാണ് വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ധോണി നേടിയത്. 

എന്നാല്‍ സിംഗിളുകള്‍ നഷ്ടപ്പെടുത്തിയതിന് ധോണിയെ വിമര്‍ശിക്കുന്നതില്‍ ജസ്‌പ്രീത് ബുംറ സന്തുഷ്ടനല്ല. മത്സര ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ധോണിക്ക് ബുംറ പിന്തുണ നല്‍കി. 'മികച്ച പ്രകടനം പുറത്തെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. അതാണ് കണക്കുകൂട്ടുന്നത്. ഇന്ത്യന്‍ ഇന്നിംഗ്‌സ് പരമാവധി നീട്ടിക്കൊണ്ടു പോകുന്നതിലും മികച്ച ടോട്ടലില്‍ എത്തിക്കുന്നതിലുമായിരുന്നു ധോണിയുടെ ശ്രദ്ധ. ഇന്ത്യക്ക് 15 മുതല്‍ 20 റണ്‍സ് കൂടി വേണമായിരുന്നു. എങ്കിലും പൊരുതാവുന്ന ടോട്ടല്‍ നേടിയെന്നും' ബുംറ പറഞ്ഞു. 

വിശാഖപട്ടണത്ത് അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന് ഓസീസ് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. വിക്കറ്റ് വീഴ്‌ചയും അവസാന ഓവറുകളില്‍ ധോണിക്ക് വമ്പനടികള്‍ക്ക് കഴിയാതെ പോയതുമാണ് തിരിച്ചടിയായത്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 20-ാം ഓവറിലെ അവസാന പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.