ദില്ലി: രാജ്യത്തെ കായികരംഗത്തിന് കനത്ത തിരിച്ചടിയായി ഉത്തേജക മരുന്നടി കണ്ടുപിടിക്കാനുള്ള ലാബിന്‍റെ (നാഷണൽ ഡോപ് ടെസ്റ്റിംഗ് ലാബറട്ടറി) ലൈസൻസ് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളില്ലെന്നും, നിലവിലുള്ള സൗകര്യങ്ങൾക്ക് നിലവാരമില്ലെന്നും കാട്ടിയാണ് നടപടി. ഉത്തേജക മരുന്നടിയുമായി ബന്ധപ്പെട്ട ഒരു പരീക്ഷണങ്ങളും പരിശോധനകളും ഈ കാലയളവിൽ എൻഡിടിഎൽ ചെയ്യരുതെന്നും നിർദേശമുണ്ട്. 

മൂത്ര പരിശോധനയോ, രക്തപരിശോധനയോ ഈ കാലയളവിൽ ലബോറട്ടറി നടത്തരുത്. റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കരുത്. നിലവിൽ പരിശോധനകൾ നടക്കുന്ന എല്ലാ സാംപിളുകളും വാഡ അംഗീകരിച്ച മറ്റൊരു ലാബിലേക്ക് മാറ്റണമെന്നും നിർ‍ദേശമുണ്ട്. 

ലാബിൽ നേരിട്ട് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകളും നിലവാരമില്ലായ്മയും ശ്രദ്ധയിൽപ്പെട്ടെന്ന് വാഡ പ്രസ്താവനയിൽ പറയുന്നു. ആറ് മാസത്തിനകം ചൂണ്ടിക്കാണിക്കപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കണം. തുടർന്ന് ലാബിൽ വിദഗ്ധ സംഘം പരിശോധന നടത്തുമെന്നും, ഇതിന് ശേഷമേ ലൈസൻസ് തിരികെ നൽകൂവെന്നും വാഡ വ്യക്തമാക്കി.