ദില്ലി: ഐപിഎല്ലില്‍ പുതുമുഖ ടീമായ ഗുജറാത്ത് ലയണ്‍സ് ഫൈനല്‍ കാണാതെ പുറത്തായി. ദില്ലി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന രണ്ടാം പ്ലേ ഓഫില്‍ നാലു വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സുരേഷ് റെയ്‌നയെയും കൂട്ടരെയും തോല്‍പ്പിച്ചത്. ഞായറാഴ്‌ച നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് സണ്‍റൈസേഴ്‌സിന്റെ എതിരാളികള്‍. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചാണ് ഇത്തവണത്തെ കലാശപോരാട്ടം.
ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം നായകന്‍ ഡേവിഡ് വാര്‍ണറുടെ(പുറത്താകാതെ 58 പന്തില്‍ 93) തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മറികടക്കുകയായിരുന്നു. നാലു പന്തും നാലു വിക്കറ്റും ശേഷിക്കെയായിരുന്നു സണ്‍റൈസേഴ്‌സിന്റെ വിജയം. മൂന്നു സിക്‌സറും 11 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്. ഒരവസരത്തില്‍ അഞ്ചിന് 84 എന്ന നിലയില്‍ തകര്‍ന്നുപോയ സണ്‍റൈസേഴ്‌സിനെ വാര്‍ണര്‍ ഒറ്റയ്‌ക്ക് വിജയതീരത്ത് എത്തിക്കുകയായിരുന്നു. അവസാനം 11 പന്തില്‍ മൂന്നു സിക്‌സര്‍ ഉള്‍പ്പടെ 27 റണ്‍സെടുത്ത ബിപുല്‍ ശര്‍മ്മയും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. വാര്‍ണറാണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സി ഹൈദരാബാദ് എതിരാളികളെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് ലയണ്‍സ് 182 റണ്‍സെടുത്തത്. 32 പന്തില്‍ 50 റണ‍്സെടുത്ത ആരോണ്‍ ഫിഞ്ച് ആണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ബ്രണ്ടന്‍ മക്കല്ലം 32 റണ്‍സെടുത്തപ്പോള്‍, ദിനേഷ് കാര്‍ത്തിക് 26 റണ്‍സെടുത്ത് റണ്ണൗട്ടായി. സണ്‍റൈസേഴ്‌സിനുവേണ്ടി ഭുവനേശ്വര്‍കുമാറും ബെന്‍ കട്ടിങും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
