പുതിയ കരാറില്‍ എത്താത്തോടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ 230 താരങ്ങള്‍ പ്രത്യക്ഷത്തില്‍ തൊഴില്‍ ഇല്ലാത്തവരായി.ക്രിക്കറ്റ് ഓസ്‌ട്രേലിയും താരങ്ങളും തമ്മില്‍ പ്രതിഫലം സംബന്ധിച്ചുള്ള നിലവിലെ കരാര്‍ അവസാനിച്ചത് ജൂണ്‍ 30നാണ്. അതിന് മുമ്പ് പുതിയ കരാറിലെത്തുമെന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍, പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ ക്രിക്കറ്റ ഓസ്‌ട്രേലിയ പരാജയപ്പെട്ടു.
കളിക്കാരും ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ശീതസമരം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനം ഉള്‍പ്പടെ ഓസീസിന്റെ വരാനിരിക്കുന്ന മത്സരങ്ങളെല്ലാം പ്രതിസന്ധിയിലായി. മാസങ്ങളായി നിലനില്‍ക്കുന്നതാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും താരങ്ങളുടെ അസോസിയേഷനും തമ്മിലുള്ള തര്‍ക്കം.
പ്രതിഫലത്തിന്റെ കാര്യത്തില്‍ താരങ്ങള്‍ക്ക് തൃപ്തികരമായ പരിഹാരം കാണുവാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല. പുതിയ കരാറുണ്ടാക്കാന്‍ കഴിയാഞ്ഞതോടെ രാജ്യാന്തര തലത്തിലും ആഭ്യന്തര മത്സരങ്ങളിലും സജീവമായി കളിക്കുന്ന 230 താരങ്ങളുടെ പ്രതിഫലകാര്യം പൂര്‍ണമായി അനിശ്ചിതത്വത്തിലായി.
പുരുഷ ക്രിക്കറ്റിന് പുറമെ വനിതാ താരങ്ങളുടെ കാര്യത്തിലും പുതിയ കരാറിലെത്താനായില്ല. ഓഗസ്റ്റില്‍ ബംഗ്ലാദേശ് പര്യടനമാണ് ഓസ്‌ട്രേലിയുടെ അടുത്ത മത്സരം. അതുകഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യയില്‍ ഒസീസ് എത്തേണ്ടതുണ്ട്. വര്‍ഷാവസാനമാണ് ആഷസ്. പുതിയ കരാറുണ്ടാക്കാന്‍ സാധിക്കാത്തതിലെ അതൃപ്തി താരങ്ങള്‍ പരസ്യമായി പ്രകടപ്പിച്ചുതുടങ്ങി. ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.
