കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളിംഗ് നിര കാഴ്ച്ചവെക്കുന്നത്. ആറ് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ തൂത്തെറിഞ്ഞ് ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീം അനായാസം വിജയിച്ചു. ഇതോടെ ടീമിലെ മികച്ച ബൗളര്‍ ആരെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമായി. പരിമിത ഓവര്‍ ക്രിക്കറ്റിലെ മികച്ച പേസര്‍ ജസ്‌പ്രീത് ബൂംമ്രയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

എന്നാല്‍ ഇന്ത്യന്‍ നിരയിലെ മികച്ച പേസര്‍ ആരെന്ന് വെളിപ്പെടുത്തിരിക്കുകയാണ് പാക്കിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രം. അക്രത്തിന്‍റെ അഭിപ്രായത്തില്‍ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടീം ഇന്ത്യയിലെ മികച്ച ഫാസ്റ്റ് ബൗളര്‍. പന്ത് ഇരുവശത്തേക്കും അനായാസം സ്വിംഗ് ചെയ്യിക്കാനുള്ള കഴിവാണ് ഭുവിയെ അപകടകാരിയാക്കുന്നതെന്ന് പാക്കിസ്ഥാന്‍റെ സ്വിംഗ് രാജ പറയുന്നു. 

ബാറ്റ്സ്മാന്‍റെ പന്തിന്‍റെ വേഗതയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഭുവിക്ക് അനായാസം കഴിയുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ആകര്‍ഷിച്ച ഇന്ത്യന്‍ പേസര്‍ ഭുവിയാണെന്നും അക്രം പറഞ്ഞു. എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ വസീം അക്രം ലോകത്തെ അപകടകാരിയായ ഇടംകൈയന്‍ പേസറായാണ് അറിയപ്പെടുന്നത്. വേഗവും സ്വിംഗുമായിരുന്നു അക്രത്തിന്‍റെ ആയുധം.