ചില സന്തോഷങ്ങള്‍ അങ്ങനെയാണ്... കൈയിലെത്താന്‍ വൈകും.. വൈകുമ്പോള്‍ അതിന്റെ മധുരവും കൂടും. വസീം ജാഫറിനെ പോലെ.
40 വയസായിട്ടും സജീവ ക്രിക്കറ്റ് കളിക്കുന്ന എത്ര പേരുണ്ട് ഇന്ത്യന് ഉപഭൂഖണ്ഡത്തില്..? അവരില് എത്രപേര്ക്ക് ഈ 'വാര്ധക്യ'ത്തില് ട്രിപ്പിള് സെഞ്ചുറിയോട് അടുക്കുന്ന റണ്സ് നേടാന് കഴിയുക. അതും 66.36 സ്ട്രൈക്ക് റേറ്റില്-സജീഷ് അറവങ്കര എഴുതുന്നു
സൂര്യന് അസ്തമിച്ച് മൈതാനത്ത് ഇരുട്ട് വീഴുന്നത് വരെ ക്രിക്കറ്റ് കളിക്കണം. ബൗണ്ടറിയിലേക്ക് വേഗത്തില് പായുന്ന പന്ത് കണ്ണില്പ്പെടാതെ എതിര് ദിശയില് പായുന്ന ഫീല്ഡര്മാര്. നാട്ടിന്പുറങ്ങളിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളില് സ്ഥിരം കാഴ്ചയാണിത്. വ്യവസായ നഗരമെങ്കിലും മുംബൈയില് കാര്യങ്ങള് വ്യത്യസ്തമായിരുന്നില്ല. അല്ലെങ്കിലും നാടന് ക്രിക്കറ്റിന്റെ നിയമങ്ങള് ലോകത്തെല്ലാം ഒന്നും തന്നെയാണല്ലൊ..! ചില അലിഖിത നിയമങ്ങള്... ഇന്ത്യന് പ്രാദേശിക ക്രിക്കറ്റിലെ ഒരു ചെറിയ നക്ഷത്രം ക്രിക്കറ്റ് കളിച്ച് തുടങ്ങുന്നും ഈ നിയമങ്ങള്ക്കുള്ളില് നിന്നാണ്. വസീം ജാഫര്..! നക്ഷത്രത്തിന് പ്രായം കൂടിവരുന്നു, എന്നിട്ടും തിളക്കത്തിന് മങ്ങലേറ്റിട്ടില്ല.
ഇറാനി കപ്പില് റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരേ, 286 റണ്സ് നേടി പുറത്താവുമ്പോള് വസീം ജാഫറിന് പ്രായം 40 വയസും 28 ദിവസവും. ഇറാനി കപ്പില് ഉയര്ന്ന വ്യക്തിഗത സ്കോറുമായാണ് വസീം ജാഫര് മടങ്ങിയത്. അതും ഈ പ്രായത്തില്. വിദര്ഭയ്ക്ക് വേണ്ടിയായിരുന്നു ജാഫറിന്റെ പ്രകടനം. മൂന്ന് വര്ഷം മുമ്പാണ് ജാഫര് വിദര്ഭയിലേക്ക് കൂടുമാറിയത്. ഈ വര്ഷം വിദര്ഭ രഞ്ജി ചാംപ്യന്മാരാവുമ്പോള് 54 റണ്സ് ശരാശരിയില് ജാഫര് നേടിയത് 595 റണ്സ്. പ്രകടനത്തിനൊപ്പം, അയാള് ടീമിന് നല്കുന്ന ആത്മവിശ്വാസവും എടുത്ത് പറയണം. വയസ് വെറും അക്കങ്ങള് മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനം. ഇന്ത്യയുടെ പ്രാദേശിക ക്രിക്കറ്റില് അധികം നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ക്രിക്കറ്റ് അസോസിയേഷനാണ് വിദര്ഭ. അവിടെ നിന്നാണ്, അവര് ദേശീയ ചാംപ്യന്മാരായി ഉയര്ന്നത്.
40 വയസായിട്ടും സജീവ ക്രിക്കറ്റ് കളിക്കുന്ന എത്ര പേരുണ്ട് ഇന്ത്യന് ഉപഭൂഖണ്ഡത്തില്..? അവരില് എത്രപേര്ക്ക് ഈ 'വാര്ധക്യ'ത്തില് ട്രിപ്പിള് സെഞ്ചുറിയോട് അടുക്കുന്ന റണ്സ് നേടാന് കഴിയുക. അതും 66.36 സ്ട്രൈക്ക് റേറ്റില്. ആര്. അശ്വിന്, സിദ്ധാര്ഥ് കൗള്, ഷഹബാസ് നദീം, ജയന്ത് യാദവ് എന്നിവരെല്ലാം അടങ്ങുന്ന ബൗളിങ്ങിനെതിരേ. പ്രാദേശിക ക്രിക്കറ്റില് അരങ്ങേറ്റത്തിന് ശേഷം 53 സെഞ്ചുറികള്, 18000ല് അധികം റണ്സ്. രാജ്യത്തിന് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും കളിച്ചു. അയാള്ക്ക് വേണമെങ്കില് ക്രിക്കറ്റ് മതിയാക്കാം. സ്വസ്ഥമായി കുടുംബ ജീവതം നയിക്കാം. ജാഫര് എന്നിട്ടും പുതിയ താരങ്ങള്ക്ക് ദിശാബോധം നല്കുകയാണ്. എത്രകാലം ജാഫര് ക്രിക്കറ്റില് തുടരുമെന്നറിയില്ല. ശരീരം വഴങ്ങുവോളം ക്രിക്കറ്റില് തുടരുമെന്ന് ജാഫര് പറയുന്നു.
ഈ പ്രായത്തിലും കളി തുടരുമ്പോഴും ചിലരെങ്കിലുമുണ്ട് ജാഫറിന് മുന്ഗാമികളായി. 60 നില്ക്കുമ്പോഴാണ് സി.കെ. നായിഡു അവസാന രഞ്ജി ട്രോഫി കളിക്കുന്നത്. അവസാന ഇന്നിങ്സില് ഉത്തര് പ്രദേശിനെതിരേ 56 റണ്സ് നേടി. ഇംഗ്ലിഷ് താരം ജാക്ക് ഹോബ്സ് 52ാം വയസിലും ക്രിക്കറ്റ് കളിച്ചിരുന്നു. 50 വയസിലാണ് പ്രാദേശിക ക്രിക്കറ്റില് ഹോബിന്റെ അവസാന അദ്ദേഹം സെഞ്ചുറി പിറന്നത്. ആറ് മാസം മുന്പ് 43ാം പിറന്നാള് ആഘോഷിച്ച മുന് വെസ്റ്റ് ഇന്ഡീസ് താരം ശിവ്നരെയ്ന് ചന്ദര്പോള് ഇപ്പോഴും ഗയാനയുടെ നട്ടെല്ലാണ്. അദ്ദേഹത്തിന്റെ മകന് ടഗ് നരെയ്ന് ചന്ദര്പോള് നോണ്സ്ട്രൈക്കിലും ചന്ദര്പോള് ക്രീസിലും നിന്ന് കളിക്കുമ്പോഴുള്ള സൗന്ദര്യം വിവരിക്കാനാവാത്തതാണ്. ഒരു പക്ഷേ, ജാഫര് വിദര്ഭയിലേക്ക് പോയില്ലെങ്കില് സഹോദര പുത്രനായ അര്മന് ജാഫറിനൊപ്പം കളിക്കുന്നതും കാണാമായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് ജാഫര് ഇപ്പോഴും വിരമിക്കല് പ്രഖ്യാപിച്ചിട്ടില്ല. പ്രതിഭാ ധാരാളിത്തമുള്ള ഇന്ത്യയില് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് അയാള്ക്ക് വ്യക്തമായ ബോധ്യമുണ്ട്.
കഴിഞ്ഞ 22 വര്ഷത്തിനിടെ 138 രഞ്ജി ട്രോഫി മത്സരങ്ങളില് ജാഫര് കളിച്ചു. 56.81 ശരാശരിയില് നേടിയത് 10,738 റണ്സ്. ഇതില് 36 സെഞ്ചുറിയും 44 അര്ധ സെഞ്ചുറിയും. 1996/97 സീസണില് പ്രാദേശിക ക്രിക്കറ്റില് അരങ്ങേറി. അരങ്ങേറ്റത്തിന് ശേഷം രണ്ടാം മത്സരത്തില് തന്നെ ട്രിപ്പിള് സെഞ്ചുറി പൂര്ത്തിയാക്കി. 31 ടെസ്റ്റില് നേടിയത് 1,944 റണ്സ്. അഞ്ച് സെഞ്ചുറിയും 11 അര്ധ സെഞ്ചുറിയും അക്കൗണ്ടിലുണ്ട്.
2000ലാണ് ഇന്ത്യന് ടെസ്റ്റ് ജേഴ്സിയില് വസീം അരങ്ങേറുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ. എന്നാല് നിരാശ സമ്മാനിച്ച പ്രകടനം പുറത്തേക്കുള്ള വഴി തെളിയിച്ചു. 2002ല് വിന്ഡീസ് പര്യടനത്തില് ഒരിക്കല്കൂടി ഇന്ത്യന് ടീമില്. സ്ഥിരതയില്ലായ്മ പിന്നെയും വിനയായി. 2005-06ല് വീണ്ടും ഇന്റര്നാഷണല് ക്രിക്കറ്റില് തിരിച്ചെത്തി. 2006ല് നാഗ്പൂരില് ഇംഗ്ലണ്ടിനെതിരേ കന്നി സെഞ്ചുറിയും പിന്നീട് വിന്ഡീസിനെതിരേ ഇരട്ട സെഞ്ചുറിയും. 2006ല് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ തന്നെ ഏകദിനത്തിലും ജാഫര് അരങ്ങേറി. രണ്ട് ഏകദിനത്തില് മാത്രം കളിച്ച ജാഫറിന്റെ സമ്പാദ്യം 10 റണ്സ്. ഇതോടെ നിശ്ചിത ഓവര് ക്രിക്കറ്റിലെ പ്രതീക്ഷയും അവസാനിച്ചു. രണ്ട് വര്ഷം കൂടി ടെസ്റ്റ് ക്രിക്കറ്റില് തുടര്ന്നു. 2008ല് കാണ്പൂരില് ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവസാന ടെസ്റ്റ്. പിന്നീട് പ്രാദേശിക ക്രിക്കറ്റിന്റെ ഇതിഹാസ പദത്തിലേക്കുള്ള യാത്രയായിരുന്നു.
ബാന്ദ്രാ ചേരിയില് ഒരു ബസ് ഡ്രൈവറുടെ നാലാമത്തെ മകനായിട്ടാണ് ജാഫര് ജനിച്ചത്. അച്ഛന്റെ ആഗ്രഹം സഹോദരനായ കലീം ജാഫറിനെ ക്രിക്കറ്ററാക്കണമെന്നായിരുന്നു. സാമ്പത്തികാവസ്ഥ ആഗ്രഹങ്ങള്ക്ക് വിലങ്ങുതടിയായി. കലീമിന്റെ കൈപിടിച്ചാണ് ജാഫര് വളര്ന്നത്. അച്ഛന്റെ ആഗ്രഹം സഫലമായത് വസീം ജാഫറിലൂടെ. ചില സന്തോഷങ്ങള് അങ്ങനെയാണ്... കൈയിലെത്താന് വൈകും.. വൈകുമ്പോള് അതിന്റെ മധുരവും കൂടും. വസീം ജാഫറിനെ പോലെ.
