ആന്റിഗ്വ: ഒരിക്കല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിക്കറ്റെടുത്തതിന്റെ പേരില്‍ അമിതാഘോഷം നടത്തിയ ഹെന്റി ഒലോങ്കോ എന്ന സിംബാബ്‌വെ ബൗളറെ അടുത്ത മത്സരത്തില്‍ അടിച്ചുപരത്തി കണക്കുതീര്‍ത്ത സച്ചിനെ ഇന്ത്യന്‍ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. എന്നാല്‍ സച്ചിന്റെ ആ പ്രഹരത്തെയും തോല്‍പ്പിക്കും കഴിഞ്ഞ ദിവസം കരീബിയന്‍ പ്രീമിയര്‍ നടന്ന ഒരു മത്സരത്തിലെ പ്രതികാരകഥ. ഗയാന ആമസോണ്‍ ബൗളറായ കെസ്റിക് വില്യംസ് ആണ് ഈ പ്രതികാരകഥയിലെ വില്ലന്‍. നായകനായകട്ടെ ജമൈക്ക തലവാസിന്റെ ചാഡ്‌വിക് വാള്‍ട്ടണും.

ഇരുടീമുകളും തമ്മില്‍ നടന്ന മത്സരത്തില്‍ വാള്‍ട്ടന്റെ വിക്കറ്റെടുച്ച വില്യംസ് അദ്ദേഹത്തെ പവലിയനിലേക്ക് യാത്രയാക്കിയത് തന്റെ പതിവ് ശൈലിയിലായിരുന്നു. ക്രീസ് വിട്ടുപോവുന്ന ബാറ്റ്സ്മാനടുത്തെത്തി ഒരു നോട്ട് ബുക്കെടുത്ത് എഴുതുന്നതുപോലെ കാണിച്ചു. വിക്കറ്റെടുക്കുന്നവരുടെയെല്ലാം പേരെഴുതിവെയ്ക്കാറുണ്ടെന്നായിരുന്നു വില്യംസ് ഇതിലൂടെ സൂചിപ്പിച്ചത്. എന്നാല്‍ ഇതിന്റെ പ്രതികാരം വാള്‍ട്ടന്‍ തീര്‍ത്തത് ആമസോണിനെതിരായ അടുത്ത മത്സരത്തിലായിരുന്നു.

വില്യംസിന്റെ ഒരോവറില്‍ തുടര്‍ച്ചയായി നാലു ബൗണ്ടറി നേടിയ വാള്‍ട്ടന്‍ ഓരോ ബണ്ടറിക്കുശേഷവും ബാറ്റ് ഉയര്‍ത്തിപ്പിടിച്ച് നോട്ട് ബുക്കെടുത്ത് എഴുതുന്നതുപോലെ കാണിച്ചു. ആ ഓവറില്‍ മറുവശത്ത് നിന്ന് ലൂക്ക് റോങ്കിയും ഒരു സിക്സര്‍ കൂടി നേടിയതോടെ വില്യംസിന്റെ മുഖം വിവര്‍ണമായി. അവിടംകൊണ്ടും തീര്‍ന്നില്ല. തലവാസ് ജയത്തിനടുത്തെത്തി നില്‍ക്കെ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര വില്യംസിനെ വീണ്ടും പന്തേല്‍പ്പിച്ചു.

ഒരു സിക്സറും ഒരു ബൗണ്ടറിയും നേടിയാണ് വാള്‍ട്ടന്‍ വില്യംസിനെ വരവേറ്റത്. അപ്പോഴും നോട്ട് ബുക്കെടുത്ത് എഴുതുന്ന രീതിയില്‍ വില്യംസിനെ കളിയാക്കാനും നോര്‍ട്ടന്‍ മറന്നില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോണ്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ വാള്‍ട്ടന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍(40 പന്തില്‍ 84) തലവാസ് 10.3 ഓവറില്‍ ലക്ഷ്യം കണ്ടു.