പന്ത് ബാറ്റിലുരസിയ ശേഷമാണ് പാഡില്‍ തട്ടിയതെന്ന് ഡി ആര്‍ എസില്‍ വ്യക്തമായെങ്കിലും അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു.
ഓക്ക്‌ലന്‍ഡ്: ഇന്ത്യ- ന്യൂസീലന്‍ഡ് രണ്ടാം ടി20യില്‍ കിവീസ് താരം ഡാരില്‍ മിച്ചലിന്‍റെ പുറത്താകലില്‍ വിവാദം പുകയുന്നു. ക്രുനാല്‍ പാണ്ഡ്യ എറിഞ്ഞ ആറാം ഓവറിലായിരുന്നു വിവാദ സംഭവങ്ങളുടെ തുടക്കം. ക്രുനാലിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ പന്ത് ഡാരിലിന്‍റെ പാഡില്‍ തട്ടി. ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ അംപയര്‍ വിരലുയര്‍ത്തി.
പന്ത് ബാറ്റിലുരസിയെന്ന് ഉറപ്പായ മിച്ചല്‍ ഡി ആര്‍ എസ് ആവശ്യപ്പെട്ടു. എന്നാല്‍ പന്ത് ബാറ്റിലുരസിയ ശേഷമാണ് പാഡില്‍ തട്ടിയതെന്ന് ഡി ആര്‍ എസില്‍ വ്യക്തമായെങ്കിലും മൂന്നാം അംപയര്‍ ഔട്ട് അനുവദിച്ചു. നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഇടപെട്ടെങ്കിലും തീരുമാനം മാറിയില്ല. റിയല്‍ ടൈം സ്‌നിക്കോ മീറ്ററില്‍ പന്ത് ബാറ്റില്‍ തട്ടിയത് വ്യക്തമായിരുന്നു.
ഈ ദൃശ്യങ്ങള്‍ ഓക്‌ലന്‍ഡ് മൈതാനത്തെ വലിയ സ്‌ക്രീനില്‍ കണ്ടവര്‍ക്ക് വിശ്വസിക്കാനായില്ല. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയും അടക്കമുള്ള താരങ്ങള്‍ അത്ഭുതത്തോടെയാണ് അംപയറുടെ തീരുമാനം കണ്ടത്. മിച്ചലിനെ തിരിച്ചുവിളിക്കാന്‍ ഇരുവരും ഫീല്‍ഡ് അംപയറോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. രണ്ട് പന്തില്‍ ഒരു റണ്‍ ആണ് മിച്ചലിന് എടുക്കാനായത്.
