സിഡ്‌നി: സമകാലിക ക്രിക്കറ്റിലെ മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളാണ് ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണ്‍. എന്നാല്‍ ഓരോവറില്‍ 34 റണ്‍സ് വഴങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ലിയോണിപ്പോള്‍. ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റിന് മുന്നോടിയായി, ഓസ്‌ട്രേലിയയുടെ പ്രൈം മിനിസ്‌റ്റേ‌ഴ്‌സ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലിയാണ് ലിയോണെ അടിച്ചുപറത്തിയത്. 

അ‍ഞ്ച് സിക്സുകളും ഒരു ഫോറുമാണ് ലിയോണിന്‍റെ ഓവറില്‍ വില്ലി അടിച്ചുകൂട്ടിയത്. ഇതോടെ ബെന്‍ സ്റ്റേക്കിന്‍റെ പോലെ മറ്റൊരു കൂറ്റനടിക്കാരനായ ഓള്‍റൗണ്ടറെ കിട്ടിയിരിക്കുകയാണ് ഇംഗ്ലണ്ടിന്. മത്സരത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെ എട്ട് വിക്കറ്റിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ഇംഗ്ലണ്ടിനെയും ഓസീസിനെയും കൂടാതെ ന്യൂസീലന്‍ഡാണ് ത്രിരാഷ്ട്ര ട്വന്‍റി20യില്‍ പങ്കെടുക്കുന്ന ടീം. 

നേരത്തെ നാറ്റ്‌വെസ്റ്റ് ടി20യില്‍ ഓരോവറില്‍ 34 റണ്‍സടിച്ച് വില്ലി ശ്രദ്ധ നേടിയിരുന്നു. അന്ന് മൈക്കല്‍ യാര്‍ഡിയുടെ ഓവറില്‍ അഞ്ച് സിക്സും ഒരു ഫോറും തന്നെയായിരുന്നു വില്ലി സ്വന്തമാക്കിയത്.