ഫിറോസ് ഷാ കോട്‌ലയില്‍ വിജയ് ഹസാരെ ട്രോഫിക്കിടെ ഗംഭീറിന്‍റെ കാല്‍തൊട്ട് വന്ദിച്ച് ആരാധകന്‍റെ സ്‌നേഹപ്രകടനം. മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി മുന്‍ ഇന്ത്യന്‍ താരം തിളങ്ങിയിരുന്നു.
ദില്ലി: ക്രിക്കറ്റ് ഇന്ത്യന്‍ ആരാധകര്‍ക്ക് പലപ്പൊഴും ഒരു മതമാണ്. അതിനാല്‍ താരങ്ങളോടുള്ള അവരുടെ ഇഷ്ടം പലകുറി നമ്മെ അതിശയിപ്പിച്ചിരിക്കുന്നു. താരങ്ങള്‍ക്ക് വേണ്ടി പൂജ നടത്തുന്ന, കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്ന ആരാധകരെയൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. സച്ചിന്‍റെയും ധോണിയുടെയും കാല്‍തൊട്ട് വന്ദിച്ച സംഭവങ്ങള്‍ അനവധി. രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടീമിന് പുറത്തുനില്‍ക്കുന്ന മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്‍റെ കാല്‍തൊട്ട് ആരാധകന്‍ വന്ദിച്ചതാണ് പുതിയ സംഭവം.
വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്‌ട്രക്കെതിരെ ഫിറോസ് ഷാ കോട്‌ലയില്‍ ദില്ലിക്കായി കളിക്കവെയായിരുന്നു ഗ്രൗണ്ട് ഭേദിച്ചെത്തിയ ആരാധകന്‍റെ സ്‌നേഹപ്രകടനം. മുപ്പത്തിയാറുകാരനായ ഗംഭീര്‍ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയതോടെ ആരാധകന് സ്വയം നിയന്ത്രിക്കാനായില്ല. പത്ത് ബൗണ്ടറികള്‍ സഹിതം 48 പന്തില്‍ 62 റണ്‍സാണ് ഗംഭീര്‍ അടിച്ചുകൂട്ടിയത്. സുരക്ഷാ വേലി ഭേദിച്ച് ഗ്രൗണ്ടില്‍ കടന്ന ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
