മുംബൈ: മുറിവുണങ്ങാത്ത തലയുമായി ഇയാന്‍ ഹ്യൂം ആ ഗോളടിച്ചത് മുംബൈ എഫ്‌സിയുടെ മുറിവിലേക്കാണ്. മുംബൈ സിറ്റി എഫ്‌സിയെ സ്വന്തം മൈതാനത്ത് ചാമ്പലാക്കുകയായിരുന്നു ഹ്യൂമേട്ടന്‍റെ തകര്‍പ്പന്‍ ഗോള്‍. സീസണില്‍ ഇയാന്‍ ഹ്യൂമിന്‍റെ നാലാമത്തെ ഗോളാണ് ഇന്നത്തേത്. എന്നാല്‍ സംഭവബഹുലമായ നിമിഷങ്ങള്‍ക്കൊടുവിലാണ് ശക്തരായ മുംബൈയെ കീഴ്‌പ്പെടുത്തിയ ഗോള്‍ പിറന്നത്.

23-ാം മിനുറ്റില്‍ മൈതാനമധ്യത്തിന് സമീപം നടന്ന കുട്ടപ്പെരിച്ചിലിലാണ് കാണികളുടെ കണ്ണുടക്കിയത്. ഇരു ടീമിലെയും താരങ്ങളും നടന്നതെന്തെന്നറിയാതെ പന്ത് തിരയുകയായിരുന്നു. എന്നാല്‍ ഹ്യൂമിന്‍റെ പൊസിഷന്‍ കണ്ട പെക്കുസണ്‍ പന്ത് ബോക്സിലേക്ക് നീട്ടി. മൂന്ന് പ്രതിരോധ താരങ്ങളെയും ഗോളിയെയും കബളിപ്പിച്ച് ഹ്യൂമില്‍ നിന്ന് പന്ത് പുഴ പോലെ വലയിലേക്ക് ഒഴുകിയിറങ്ങി.

ഇയാന്‍ ഹ്യൂമിന്‍റെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. ഡല്‍ഹി ഡൈനമോസിനെതിരെ ഹാട്രിക് നേടി അമ്പരിപ്പിച്ച ഇയാന്‍ ഹ്യൂം ഇക്കുറിയും എതിരാളികളെ നിശബ്ധരാക്കി. 10 കളികളില്‍ 14 പോയിന്‍റുമായി ആറാം സ്ഥാനത്തേക്കുയരാന്‍ വിജയത്തോടെ മഞ്ഞപ്പടയ്ക്കായി.