ബാറ്റിംഗ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു
ആഗ്ര: ഐപിഎല് 11-ാം സീസണില് മിന്നുംതാരമായ ആരാധികയാണ് മാള്ട്ടി ചഹാര്. ചെന്നൈ സൂപ്പര് കിംഗ്സിന്റെ മത്സരങ്ങളില് ടീമിനെ പിന്തുണച്ചെത്തിയ മാള്ട്ടി ഗാലറിയില് തരംഗമായി. പിന്നാലെ ആരാണ് മാള്ട്ടി എന്നന്വേഷിച്ച് ആരാധകര് പിന്നാലെകൂടി. പതിനൊന്നാം സീസണില് ചെന്നൈയുടെ കണ്ടുപിടുത്തമായ പേസര് ദീപക് ചഹാറിന്റെ സഹോദരിയാണ് മാള്ട്ടിയെന്നറിഞ്ഞപ്പോള് ആരാധകര് ഞെട്ടി.
മാള്ട്ടിയുടെ മറ്റൊരു സഹോദരനായ രാഹുല് ചഹാര് മുംബൈ ഇന്ത്യന്സ് ടീമിലുണ്ടായിരുന്നെങ്കിലും മാള്ട്ടിയുടെ പിന്തുണ ചെന്നൈയ്ക്കായിരുന്നു. ഐപിഎല് മത്സരങ്ങള്ക്കിടെ മാള്ട്ടിയുടെ ആവേശ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു. പിന്നാലെ ഇന്ത്യന് പ്രീമിയര് ലീഗിലെ സൂപ്പര് ഫാനായി മാറിയ മാള്ട്ടിക്ക് 'പാര്ലി ജി ഗേള്' എന്ന പേരുകിട്ടി. ഇപ്പോള് വീണ്ടും സമൂഹമാധ്യമങ്ങളില് താരമായിരിക്കുകയാണ് ആരാധകരുടെ പ്രിയ 'പാര്ലി ജി ഗേള്'.

ആഗ്രയിലെ ചഹാര് ക്രിക്കറ്റ് ആക്കാദമിയില് ബാറ്റിംഗ് പരിശീലനം നടത്തുന്ന മാള്ട്ടിയുടെ ദൃശ്യങ്ങള് വൈറലായിക്കഴിഞ്ഞു. മാള്ട്ടി തന്നെയാണ് ഇന്സ്റ്റാഗ്രാമിലൂടെ വീഡിയോ പുറത്തുവിട്ടത്. മികച്ച ഫൂട്ട്വര്ക്കില് ഷോട്ടുകളുതിര്ക്കാന് മാള്ട്ടിക്ക് കഴിയുന്നുണ്ടെന്നാണ് ആരാധക പക്ഷം. എന്നാല് മാള്ട്ടിക്ക് കനത്ത ചൂടില് അധികനേരം പിടിച്ചുനില്ക്കാനായില്ല. കടുത്ത വേനലിലും തണുപ്പിലും ക്രിക്കറ്റ് കളിക്കുന്ന താരങ്ങളെ നമിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയര് ചെയ്തത്.
ക്രിക്കറ്റ് താരങ്ങളുടെ സഹോദരിയായ മാള്ട്ടി ബാറ്റെടുത്തതില് അത്ഭുതപ്പെടാനില്ല. രാജ്യത്തെ അറിയപ്പെടുത്ത മേഡല് കൂടിയാണ് മാള്ട്ടി ചഹാര്.
