അവസാന പന്തില്‍ സിക്സടിച്ചായിരുന്നു ഇന്ത്യന്‍ ജയം

കൊളംബൊ: നിദാഹസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 12 റണ്‍. പന്തെറിയാന്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ സൗമ്യ സര്‍ക്കാറിനെ ക്ഷണിച്ചു. ആദ്യ മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് എടുക്കാനായത്. 19-ാം ഓവറില്‍ 22 റണ്‍സെടുത്ത ഇന്ത്യ ഒട്ടും ആഗ്രഹിക്കാത്ത തുടക്കം.

എന്നാല്‍ നാലാം പന്തില്‍ വിജയ് ശങ്കര്‍ ബൗണ്ടറി പായിച്ചതോടെ ആദ്യ ട്വിസ്റ്റ്. തൊട്ടടുത്ത പന്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തട്ടിത്തെറിപ്പിച്ച് ശങ്കര്‍ ലോങ് ഓഫില്‍ ക്യാച്ച് നല്‍കി മടങ്ങിയതോടെ വീണ്ടും അനശ്ചിതത്വം. അതോടെ ഇന്ത്യന്‍ ഡ്രസിംഗ്റൂമില്‍ താരങ്ങള്‍ തലതാഴ്ത്തി. എന്നാല്‍ ബംഗ്ലാ താരങ്ങള്‍ കിരീടമുറപ്പിച്ചുവെന്ന നിലയില്‍ അവസാന പന്തിനായി കാത്തിരുന്നു. 

അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കേ സ്‌ട്രൈക്കില്‍ ദിനേശ് കാര്‍ത്തിക്. സര്‍ക്കാറിന്‍റെ അവസാന പന്ത് ഓഫ് സ്റ്റംപിന് പുറത്ത് ഒന്നാന്തരം യോര്‍ക്കറായി പതിച്ചു. ഡെത്ത് ഓവറുകളില്‍ ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധത്തിലാക്കുന്ന ബൗളര്‍മാരുടെ തീ പ്രയോഗം. എന്നാല്‍ അതിനെ കവറിന് മുകളിലൂടെ സിക്‌സിന് പറത്തി കാര്‍ത്തിക് ഇന്ത്യയെ കിരീടത്തിലെത്തിച്ചു. 

ത്രിരാഷ്ട്ര ടി20യില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച അവസാന രണ്ട് ഓവറുകള്‍ കാണാം