പിഎസ്എല്ലില്‍ അഫ്രിദിയുടെ ബാറ്റിംഗ് വെടിക്കെട്ട്
ഷാര്ജ: ലോകത്തെ അപകടകാരിയായ ബാറ്റ്സ്മാന്മാരില് ഒരാളാണ് ബും ബും അഫ്രിദി എന്നറിയപ്പെടുന്ന ഷാഹിദ് അഫ്രിദി. ഏകദിനത്തില് 37 പന്തില് സെഞ്ചുറി തികച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച താരം. സ്റ്റേഡിയത്തിന് പുറത്തേക്ക് പറക്കുന്ന കൂറ്റന് സിക്സുകളാണ് അഫ്രിദി വെടിക്കെട്ടിന്റെ സവിശേഷത. ബൗളര്മാരെ തലങ്ങുംവിലങ്ങും പായിക്കുന്ന അഫ്രിദി സ്റ്റൈലിന് മുപ്പത്തിയെട്ടാം വയസിലും മാറ്റമില്ല.
പാക്കിസ്ഥാന് സൂപ്പര് ലീഗില് കൂറ്റനടികള് കൊണ്ട് പ്രതാപകാലം ഓര്മ്മിപ്പിക്കുകയാണ് അഫ്രിദി. പെഷാവര് സല്മിക്കെതിരായ മത്സരത്തില് കറാച്ചി കിംഗ്സ് താരമായ അഫ്രിദി എട്ട് പന്തില് നിന്ന് അടിച്ചെടുത്തത് 26 റണ്സ്. നാല് കൂറ്റന് സിക്സുകള് അടക്കം അഫ്രിദി താണ്ഡവമാടിയപ്പോള് 325.00 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഇതിനിടെ സമീന് ഗുല്ലിനെ തുടര്ച്ചയായി മൂന്ന് തവണ അതിര്ത്തി കടത്തുകയും ചെയ്തു.
എന്നാല് അഫ്രിദി തിളങ്ങിയിട്ടും മത്സരത്തില് തോല്ക്കാനായിരുന്നു കറാച്ചി കിംഗ്സിന്റെ വിധി. ആദ്യം ബാറ്റ് ചെയ്ത പെഷാവര് 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 181 റണ്സെടുത്തു. എന്നാല് മറുപടി ബാറ്റിംഗില് കറാച്ചിയുടെ ഇന്നിംഗ്സ് എട്ട് വിക്കറ്റിന് 137ല് അവസാനിച്ചു. ഇതോടെ പെഷാവര് 44 റണ്സിന് വിജയിക്കുകയായിരുന്നു.
