വൈറലായി ശീഖര്‍ ധവാന്‍റെ നാഗ നൃത്തം
ദില്ലി: ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും പങ്കെടുത്ത നിദഹസ് ട്രോഫി ത്രിരാഷ്ട്ര ടി20 ടൂര്ണമെന്റ് അടുത്തിടെയാണ് അവസാനിച്ചത്. കലാശക്കളിയില് ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തകര്ത്ത് ഇന്ത്യ കപ്പുയര്ത്തിയിരുന്നു. ടൂര്ണമെന്റ് അവസാനിച്ചപ്പോള് ശ്രദ്ധേയമായ സംഭവങ്ങളിലൊന്ന് ബംഗ്ലാദേശ് താരങ്ങളുടെ നാഗ നൃത്തമാണ്.
ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തിയ മത്സരത്തില് ബംഗ്ലാ ബാറ്റ്സ്മാന് മുഷ്ഫിഖര് റഹീമാണ് നാഗനൃത്തത്തിന് തുടക്കമിട്ടത്. പിന്നാലെ ബംഗ്ലാദേശ് താരങ്ങളെല്ലാം നാഗ നൃത്തം ഏറ്റെടുത്തു. തുടര്ന്ന് സമൂഹമാധ്യമങ്ങളില് കടുവകളുടെ നൃത്തം വൈറലായി. എന്നാല് ഫൈനലില് നാഗ നൃത്തം ആവര്ത്തിക്കാമെന്ന ബംഗ്ലാദേശ് മോഹം ഇന്ത്യന് വിജയത്തോടെ അപ്രത്യക്ഷമായി.
ബംഗ്ലാദേശിനെതിരായ ഫൈനലില് ഇന്ത്യന് താരം ശീഖര് ധവാന് നടത്തിയ നാഗനൃത്തമാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് ചര്ച്ചയാവുന്നത്. ഫൈനലില് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില് 166 റണ്സെടുത്തിരുന്നു. എന്നാല് മറുപടി ബാറ്റിംഗില് ദിനേശ് കാര്ത്തിക്കിന്റെ കൂറ്റനടിയില് അവസാന പന്തിലെ സിക്സിലൂടെ ഇന്ത്യ വിജയിക്കുകയായിരുന്നു.
