സ്കോര്‍ 99ല്‍ നില്‍ക്കേ ഇത്തരത്തില്‍ ഒരു സിക്സര്‍ ഇതാദ്യാമായിരിക്കും
ബുലാവായോ: ഹോ, എന്തൊരു സിക്സ് എന്ന് ക്രിക്കറ്റ് പ്രേമികള് ഒരു നിമിഷം പറഞ്ഞുകാണും. 2019 ഏകദിന ലോകകപ്പ് യോഗ്യത റൗണ്ടില് സിംബാബ്വെയും ഏഷ്യന് കുഞ്ഞന്മാരായ നേപ്പാളും ഏറ്റുമുട്ടിയ മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച സിക്സ് പിറന്നത്. സിംബാബ്വെ താരം സിക്കന്ദര് റാസയുടെ കൂറ്റന് സിക്സ് വീണത് സ്റ്റേഡിയവും കടന്ന് പുറത്ത് നിര്ത്തിയിരുന്ന കാറിന്റെ ചില്ല് തകര്ത്താണ്.
മത്സരത്തില് 47-ാം ഓവറിലെ ആദ്യ പന്തില് വ്യക്തിഗത സ്കോര് 99ല് നില്ക്കേയായിരുന്നു റാസയുടെ സിക്സര്. നേപ്പാള് സ്പിന്നറുടെ ഫുള്ടോസ് ബോള് പവര് ഹിറ്ററായ സിക്കന്ദര് റാസയുടെ ഷോട്ടില് ബുലാവായോയിലെ ക്വീന്സ് സ്പോര്ട്സ് ക്ലബ്ബ് കടന്നുപോയി. വിരേന്ദര് സെവാഗടക്കം പല താരങ്ങളും സിക്സടിച്ച് സെഞ്ചുറിയിലേക്കെത്തിയിട്ടുണ്ടെങ്കിലും റാസ അല്പം കടന്നുപോയി.
മത്സരത്തില് 66 പന്തില് ഏഴ് ബൗണ്ടറികളും ഒമ്പത് സിക്സുകളും സഹിതം 123 റണ്സാണ് റാസ അടിച്ചെടുത്തത്. മൂന്ന് വിക്കറ്റുകളും മത്സരത്തില് റാസ പിഴുതു. റണ്ണൊഴുകിയ മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 50 ഓവറില് 380 റണ്സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗില് നേപ്പാള് 264 റണ്സെടുത്ത് പുറത്തായതോടെ സിംബാബ്വെ 116 റണ്സിന് വിജയിച്ചു.
