ഒരു അഭിമുഖത്തില്‍ പെണ്‍കുട്ടിയെ  വിരൂപി എന്ന് വിശേഷിപ്പിക്കുന്ന കോലിയുടെ പഴയ വീഡിയോ വീണ്ടും വൈറല്‍. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പാണ്ഡ്യയെയും രാഹുലിനെയും പിന്തുണയ്ക്കാനാവില്ലെന്ന് കോലി നേരത്തെ വ്യക്തമാക്കിയിരുന്നു.

മുംബൈ: ടെലിവിഷന്‍ ചാറ്റ് ഷോയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായിരുന്നു. ഇരുവര്‍ക്കുമെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ അരങ്ങേറിയത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഏകദിന പരമ്പരയ്ക്കിടെ ഇരുവരെയും ബിസിസിഐ നാട്ടിലേക്ക് തിരിച്ചുവിളിച്ചിരുന്നു. താരങ്ങളുടെ പരാമര്‍ശങ്ങള്‍ ക്രിക്കറ്റിനെയും ബോര്‍ഡിനെയും നാണംകെടുത്തി എന്നാണ് ബിസിസിഐയുടെ നിലപാട്.

Add Asianetnews as a Preferred SourcegooglePreferred

ഇരുവരെയും തള്ളിപ്പറഞ്ഞ് നായകന്‍ വിരാട് കോലി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കിംഗ് കോലിയെ പ്രതിരോധത്തിലാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു അഭിമുഖത്തില്‍ കോലി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്‍റെ പഴയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നത്. 

ഏറ്റവും വേഗത്തില്‍ അവസാനിച്ച ഡേറ്റിംഗ് ഏതാണെന്നായിരുന്നു അഭിമുഖത്തില്‍ കോലിയോടുള്ള ചോദ്യം. 'അഞ്ച് മിനുറ്റുകൊണ്ട് ഡേറ്റിംഗ് അവസാനിച്ചു. പെണ്‍കുട്ടിയെ കണ്ടപാടെ ഞാന്‍ ഓടി. ഓടിയതിന് കാരണം അവള്‍ വിരൂപിയാണ്' എന്നായിരുന്നു കോലിയുടെ മറുപടി. ഈ വെളിപ്പെടുത്തലുകളുള്ള അഭിമുഖ ദൃശ്യങ്ങളാണ് ഇപ്പോള്‍ കോലിയെ തിരിഞ്ഞുകുത്തുന്നത്. ഇത് ഷെയര്‍ ചെയ്തവരില്‍ ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരുമുണ്ട്. 

Scroll to load tweet…

പാണ്ഡ്യ- രാഹുല്‍ വിവാദം കത്തിനില്‍ക്കുമ്പോള്‍ കഴിഞ്ഞ ദിവസം കോലിയുടെ പ്രതികരണമിങ്ങനെയായിരുന്നു. 'അനാവശ്യ പ്രതികരണങ്ങളെ പിന്തുണയ്ക്കാന്‍ ടീമിന് കഴിയില്ല. താരങ്ങള്‍ക്ക് തെറ്റ് മനസിലായിട്ടുണ്ട്. അതിന്‍റെ ആഴവും അവര്‍ക്കറിയാം. ഇത്തരം സംഭവങ്ങള്‍ ആരെയും മുറിവേല്‍പിക്കും. വ്യക്തിപരമായ അഭിപ്രായങ്ങളാണ് താരങ്ങള്‍ പറഞ്ഞത്. എന്നാല്‍ അതിനെ ഒരിക്കലും പിന്തുണയ്ക്കാനാവില്ല'. 

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തിരുന്നു.

പരിപാടിയില്‍ ഹാര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യം കെ എല്‍ രാഹുല്‍ തുറന്നു റഞ്ഞു. രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിടേണ്ടി വന്നത്.