വിടവാങ്ങല്‍ മത്സരം കളിക്കാന്‍ വെയിന്‍ റൂണി ഇംഗ്ലീഷ് ജഴ്സിയിൽ മടങ്ങിയെത്തുന്നു. അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ റൂണി കളിക്കും. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് സൂപ്പര്‍താരം വിരമിച്ചിരുന്നു... 

ലണ്ടന്‍: സൂപ്പര്‍താരം വെയിന്‍ റൂണി വീണ്ടും ഇംഗ്ലീഷ് ജഴ്സിയിൽ കളിക്കുന്നു. ഈ മാസം 15ന് അമേരിക്കയ്ക്കെതിരെ റൂണിക്ക് വിടവാങ്ങൽ മത്സരം കളിക്കാന്‍ ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റ് അനുമതി നൽകി. വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. 2017 ഓഗസ്റ്റില്‍ റൂണി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 

2016 നവംബറിൽ സ്കോട്‍‍‍ലന്‍ഡിനെതിരെ ആണ് റൂണി അവസാനം ഇംഗ്ലണ്ടിനായി കളിച്ചത്. നിലവില്‍ അമേരിക്കന്‍ ലീഗിലെ ഡിസി യുണൈറ്റഡ് ക്ലബ്ബിൽ കളിക്കുന്ന റൂണി മികച്ച ഫോമിലാണ്. അതേസമയം അമേരിക്കയ്ക്കെതിരായ മത്സരത്തിന്‍റെ 90 മിനിറ്റും റൂണി കളിക്കില്ലെന്നും മൂന്ന് ദിവസത്തിന് ശേഷം ക്രൊയേഷ്യക്കെതിരെ നടക്കുന്ന മത്സരത്തിന് താരത്തെ പരിഗണിക്കില്ലെന്നും ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

53 രാജ്യാന്തര ഗോളുകള്‍ നേടിയിട്ടുളള റൂണിയാണ് ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍. ഇംഗ്ലണ്ടിനായി ആകെ 119 മത്സരങ്ങള്‍ റൂണി കളിച്ചിട്ടുണ്ട്.