അക്രമണോത്സുകത എന്നത് എന്നെ സംബന്ധിച്ചിടത്തോളം വിജയിക്കാന്‍ ടീമിനായി ആവശ്യമായതെല്ലാം ചെയ്യുക എന്നതാണ്. ഓരോ പന്തിലും അതിനുള്ള ശ്രമമുണ്ടാവും. അക്രമണോത്സുകതയെ ഓരോരുത്തരും ഓരോതരത്തിലായിരിക്കും നിര്‍വചിക്കുക

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരക്ക് നാളെ ബ്രിസ്ബേനില്‍ തുടക്കമാകാനിരിക്കെ ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അക്രമണോത്സുകത പുറത്തെടുക്കുന്നത് ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. ഞങ്ങളായിട്ട് ഒന്നും തുടങ്ങിവെക്കില്ല. പ്രതിപക്ഷ ബഹുമാനത്തോടെ മാത്രമെ ഗ്രൗണ്ടില്‍ പെരുമാറു. എന്നാല്‍ എതിരാളികള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ വിട്ടുകൊടുക്കയുമില്ലെന്ന് മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോലി പറഞ്ഞു.

അക്രമണോത്സുകത എന്നത് എന്നെ സംബന്ധിച്ചിടത്തോളം വിജയിക്കാന്‍ ടീമിനായി ആവശ്യമായതെല്ലാം ചെയ്യുക എന്നതാണ്. ഓരോ പന്തിലും അതിനുള്ള ശ്രമമുണ്ടാവും. അക്രമണോത്സുകതയെ ഓരോരുത്തരും ഓരോതരത്തിലായിരിക്കും നിര്‍വചിക്കുക. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ടീമിനായി 120 ശതമാനവും നല്‍കി എന്തുവിലകൊടുത്തും ജയിക്കുക എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ബാറ്റ് ചെയ്യുമ്പോഴായാലും സഹതാരങ്ങള്‍ക്കായി ബെഞ്ചിലിരുന്ന് കൈയടിക്കുമ്പോഴായാലും റണ്ണിനായി ഓടുമ്പോഴായാലും അത് അങ്ങനെതന്നെയാണ്.

സ്വന്തം നാട്ടില്‍ കളിക്കുന്ന ഓസ്ട്രേലിയ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവം ഓസ്ട്രേലിയക്ക് തിരിച്ചടിയാണെങ്കിലും അവരുടെ നിരയില്‍ ലോകോത്തര താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയെ തോല്‍പ്പിക്കാന്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ. രാജ്യാന്തര ക്രിക്കറ്റില്‍ ഒരു ടീമിനെയും വിലകുറച്ചു കാണാനാവില്ല. ഓസ്ട്രേലിയയില്‍ പരമ്പര ജയിക്കാനുള്ള അവസാന അവസരമാണിത് എന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല. അത്തരമൊരു മനോഭാവത്തോടെ കളിക്കാനിറങ്ങാനും കഴിയില്ല.

എന്തായാലും അവിടെയും ഇവിടെയുമെല്ലാം ഇടക്കിടെ ഒരോ ടെസ്റ്റ് ജയിക്കുന്ന ടീമാവാന്‍ ഞങ്ങള്‍ എന്തായാലും ആഗ്രഹിക്കുന്നില്ല. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന ഭുവനേശ്വര്‍കുമാറും ജസ്പ്രീത് ബൂമ്രയും ടീമിലുള്ളത് തന്റെ ഭാഗ്യമാണെന്നും കോലി പറഞ്ഞു. ലോകകപ്പ് വരെ ഇനിയുള്ള മത്സരങ്ങളില്‍ അധികം പരീക്ഷണങ്ങള്‍ക്ക് മുതിരില്ലെന്നും ലോകകപ്പ് ടീമിനെ തന്നെ പരമാവധി മത്സരങ്ങളില്‍ കളിപ്പിക്കാനാണ് ശ്രമിക്കുകയെന്നും കോലി പറഞ്ഞു.