ദില്ലി: തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിക്ക് കാരണമായതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി.റണ്‍ റേറ്റ് നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ വിജയത്തിലെത്തുന്നതിനാവശ്യമായ വിക്കറ്റ് കൈവശമില്ലാതിരുന്നത് തിരിച്ചടിയായെന്നും മത്സരശേഷം ധോണി പറഞ്ഞു.
എപ്പോഴൊക്കെ താന്‍ അടിച്ചുകളിക്കാമെന്ന് കരുതിയോ അപ്പോഴൊക്കെ മറുവശത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നു. വലിയ ഷോട്ടുകള്‍ കളിക്കാനൊരുങ്ങുമ്പോള്‍ ഇങ്ങനെ വിക്കറ്റ് വീണാല്‍ പിന്നെ എന്തു ചെയ്യാനാവും. തോല്‍വിയില്‍ ഏതെങ്കിലും ഒരു ബാറ്റ്സ്മാനെ മാത്രം കുറ്റം പറയാനാവില്ല, എങ്കിലും എല്ലാവരും ഒറു പത്തുശതമാനം കൂടി സംഭാവന ചെയ്തിരുന്നെങ്കില്‍ കളി ജയിക്കാമായിരുന്നു. ഏതങ്കിലും ഒരു ബാറ്റ്സ്മാന്‍ 15 നിമിഷം കൂടി ക്രീസിലുണ്ടായിരുന്നെങ്കില്‍ കളി കൈയിലിരുന്നേനെ. കീവീസ് 243 റണ്‍സെ അടിച്ചിരുന്നുള്ളൂവെങ്കിലും ഈ പിച്ചില്‍ അത് 300ന് മുകളിലുള്ള സ്കോറിന് തുല്യമായിരുന്നു. കളി പുരോഗമിക്കുന്തോറും വിക്കറ്റ് സ്ലോ ആയിക്കൊണ്ടിരുന്നു. ഈ പിച്ചില്‍ പകല്‍ സമയ ബാറ്റിംഗ് ആയിരുന്നു ഉചിതമെന്നും ധോനി പറഞ്ഞു.
കീവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ എട്ടാം ഏകദിന സെഞ്ച്വറിയാണ് കിവീസ് ജയത്തില്‍ നിര്‍ണായകമായത്. വില്യംസണ്‍ 118 റണ്‍സെടുത്തു. 14 ഫോറം ഒരു സിക്സും അടങ്ങിയ ഇന്നിംഗ്സായിരുന്നു വില്യംസന്റേത്. ഇന്ത്യക്കെതിരെ വില്യംസന്റെ ആദ്യത്തെ സെഞ്ച്വറിക്കാണ് ഫിറോസ് ഷാ കോട്‌ല സാക്ഷ്യം വഹിച്ചത്.
