മുംബൈ: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. പ്രോട്ടീസ് ബൗളിംഗ് നിരയും ഇന്ത്യന്‍ ബാറ്റിംഗ് നിരയും തമ്മിലുള്ള പോരാട്ടമാകും ഇതെന്നാണ് വിലയിരുത്തല്‍. വിദേശ മണ്ണില്‍ കാലിടറുന്നവര്‍ എന്ന ദുഷപേര് മാറ്റാന്‍ ഇന്ത്യക്ക് വിജയിച്ചേ മതിയാകൂ. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെട്ട ഇന്ത്യന്‍ പട പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ടീം ഇന്ത്യ സജ്ജമാണെന്ന് വിരാട് കോലി പറഞ്ഞു. വിദേശ പരമ്പരകളില്‍ നാട്ടിലെ മികവ് പുറത്തെടുക്കാറില്ലെന്ന വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിരാട് കോലി.

ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര വിജയം എന്ന ചരിത്രനേട്ടമാണ് വിരാട് കോലിയുടെയും സംഘത്തിന്‍റെയും ലക്ഷ്യം. അതേസമയം ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ടീം കൃത്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് കോച്ച് രവി ശാസ്ത്രിയും വ്യക്തമാക്കി. ജനുവരി അഞ്ചിന് തുടങ്ങുന്ന പര്യടനത്തില്‍ മൂന്നും ടെസ്റ്റും ആറ് ഏകദിനവും മൂന്ന് ട്വന്‍റി 20യുമാണുള്ളത്.