മെല്‍ബണ്‍: കുട്ടി ക്രിക്കറ്റില്‍ നിന്ന് വീണ്ടുമൊരു വണ്ടര്‍ ക്യാച്ചിന്റെ വാര്‍ത്തകൂടി. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലാണ് രണ്ട് ഫീല്‍ഡര്‍മാര്‍ ചേര്‍ന്ന് ക്യാച്ച് പറന്നെടുത്തത്. റാഷിദ് ഖാന്റെ പന്തില്‍ മെല്‍ബണ്‍ റെനഗഡ്‌സിന്റെ വിന്‍ഡീസ് താരം ഡ്വയിന്‍ ബ്രാവോ അടിച്ച ഷോട്ട് ലോംഗ് ഓഫിന് മുകളിലൂടെ സിക്സറാകുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ഓടിയെത്തിയ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് താരം ബെന്‍ ലോഗിലിന്‍ പറന്ന് പന്ത് കൈപ്പിടിയിലൊതുക്കിയത്.
എന്നാല്‍ ഓട്ടത്തിനിടെ നിയന്ത്രണം വിട്ട ലോഗിലിന്‍ ബൗണ്ടറിക്ക് പുറത്തേക്ക് പോകുമെന്ന് ഉറപ്പായതോടെ പന്ത് സ്വീപ്പര്‍ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജേക് വെതറാള്‍ഡിന് നേര്‍ക്ക് എറിഞ്ഞു കൊടുത്തു. അപ്രതീക്ഷിതമായിരുന്നെങ്കിലും മിന്നുന്ന ഡൈവിലൂടെ വെതറാള്‍ഡ് ആ ക്യാച്ച് കൈയിലൊതുക്കിയപ്പോള്‍ പിറന്നതോ ബിഗ് ബാഷിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്.
'The best catch you'll ever see!' https://t.co/4eMXu8cUiG#BBL07pic.twitter.com/7PQd5qp3xC
— KFC Big Bash League (@BBL) January 22, 2018
സ്ട്രൈക്കേഴ്സിനെതിരെ 174 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുകയായിരുന്ന റെനഗഡ്സ് ബ്രാവോയുടെ പുറത്താകലോടെ കളിയില്‍ തോല്‍ക്കുകയും ചെയ്തു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ റെനഗഡ്സിനായുള്ളു. ജയത്തോടെ സ്ട്രൈക്കേഴ്സ് സെമി ബര്‍ത്തുറപ്പിക്കുകയും ചെയ്തു.
