കൊച്ചി: റെനെ മൂളന്‍സ്റ്റീനിന്‍റെ മറ്റൊരു ശിഷ്യന്‍ കൂടി കേരള ബ്ലാസ്റ്റേഴ്‌സില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇതിഹാസ താരം വെസ് ബ്രൗണിനെ ടീമില്‍ ഉള്‍പെടുത്തിയതായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രീമിയര്‍ ലീഗ് താരം ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നതായും ഇനി കളി മാറുമെന്നും ടീം മുന്നറിയിപ്പ് നല്കി. ട്വിറ്ററിലാണ് കേരള ബ്ലാസ്റ്റേഴ്സ് വാര്‍ത്ത പുറത്തു വിട്ടത്.

450ലേറെ മല്‍സരങ്ങള്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട് വെസ് ബ്രൗണ്‍. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 300ലേറെ മത്സരങ്ങള്‍ കളിച്ചു. ദേശീയ ടീമിന് വേണ്ടി 23 തവണ ബൂട്ടണിഞ്ഞ താരം ഒരു ഗോളും നേടി. ഏഴ് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും മൂന്ന് ലീഗ് കപ്പുകളും രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡുകളും രണ്ട് തവണ ചാംപ്യന്‍സ് ലീഗും സ്വന്തം പേരിലുണ്ട്.
ഓള്‍ഡ് ട്രാഫോഡ്, സണ്ടര്‍ലാന്‍ഡ്, ബ്ലാക്ക് ബേണ്‍ റോവേഴ്‌സ് എന്നിവയുടെ താരമായിരുന്നു വെസ് ബ്രൗണ്‍ . ബ്ലാക്ക് ബേണ്‍ റോവേഴ്‌സില്‍ നിന്നാണ് ബ്രൗണ്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
